മാല ചാർത്തുന്നതിനിടയിൽ വരൻ കഴുത്തിൽ സ്പർശിച്ചത് എതിർത്ത് വധു; വിവാഹം വേണ്ടെന്ന് വെച്ച്‌ വരനും കുടുംബവും

Advertisement

മാല ചാർത്തുന്നതിനിടയിൽ വരൻ കഴുത്തിൽ സ്പർശിച്ചത് എതിർത്ത് വധു; വിവാഹം വേണ്ടെന്ന് വെച്ച്‌ വരനും കുടുംബവും

ബം​ഗളുരു: വിവാഹ ചടങ്ങിൽ വരൻ മാല ചാർത്തുന്നതിനിടയിൽ കഴുത്തിൽ സ്പർശിച്ചത് എതിർത്ത് വധു. കർണാടകയിലാണ് സംഭവം.
മെയ് 25 നായിരുന്നു വിവാഹം. 500 ഓളം അതിഥികളാണ് വിവാഹത്തിന് എത്തിയിരുന്നത്. വധുവിന്റെ പെരുമാറ്റം അപമാനിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച്‌ വരനും ബന്ധുക്കളും വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തു.

വിവാഹ ചടങ്ങുകൾ ആരംഭിച്ചതിനു ശേഷം വരനും വധുവും പരസ്പരം മാലയിടുന്നതിനിടയിലായിരുന്നു സംഭവം. വധുവിന്റെ കഴുത്തിൽ മാലയിട്ട ഉടനെ വധു പിന്നോട്ട് നീങ്ങി മാല ഊരി വലിച്ചെറിഞ്ഞ് വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോയി. മാലയിടുന്നതിനിടയിൽ വരൻ കഴുത്തിൽ സ്പർശിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്നായിരുന്നു വധു മാല ഊരിയത്.

എന്നാൽ വധുവിന്റെ പ്രവർത്തി വരനും ബന്ധുക്കൾക്കും അവമതിപ്പുണ്ടാക്കി. തുടർന്ന് വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. വിവാഹത്തിൽ നിന്ന് വരനും കൂട്ടരും പിന്മാറിയതോടെ ഇരു കൂട്ടരും തമ്മിൽ വാഗ്വാദവുമുണ്ടായി. തുടർന്ന് പൊലീസ് എത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിവാഹത്തിനില്ലെന്ന തീരുമാനത്തിൽ വരന്റെ ബന്ധുക്കൾ ഉറച്ചു നിന്നു. ഇതോടെ വധുവിന്റെ വീട്ടുകാരും വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹം മുടങ്ങിയതോടെ തയ്യാറാക്കിയ ഭക്ഷണം അടുത്തുള്ള സ്കൂളിൽ വിതരണം ചെയ്തു.

അടുത്തിടെയുണ്ടായ മറ്റൊരു സംഭവത്തിൽ, വിവാഹ ചടങ്ങിനിടെ വരന്റെ വിഗ്ഗ് അഴിഞ്ഞു വീണതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു. ഉത്തർപ്രദേശിലെ ഉന്നാവോയിലായിരുന്നു സംഭവം. വിവാഹച്ചടങ്ങുകൾ ഏകദേശം പകുതി ആയപ്പോഴാണ് വരന് കഷണ്ടിയുണ്ടെന്ന കാര്യം വധു തിരിച്ചറിഞ്ഞത്. ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോൾ വിഗ്ഗ്​ താഴെ വീഴുകയായിരുന്നു. കഷണ്ടിയുള്ള കാര്യം വധുവിനോടും വീട്ടുകാരോടും മറച്ചുവെച്ചെന്നാരോപിച്ചാണ് യുവതിയുടെ പിന്മാറ്റം.

വീട്ടുകാർ പരമാവധി പരിശ്രമിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവിൽ പ്രദേശത്തെ ലോക്കൽ പോലീസും സംഭവത്തിൽ ഇടപെട്ടു. പക്ഷേ വധു തന്റെ നിലപാടിൽ ഉറച്ചു നിന്നു. വിഷയം ചർച്ച ചെയ്യാൻ പഞ്ചായത്തും യോഗം വിളിച്ചിരുന്നു. വിവാഹച്ചടങ്ങുകൾക്കായി 5.66 ലക്ഷം രൂപ ചെലവഴിച്ചതായി വധുവിന്റെ വീട്ടുകാർ പറഞ്ഞിരുന്നു. ഈ പണം പിന്നീട് വരന്റെ വീട്ടുകാർ അവർക്ക് തിരികെ നൽകി.