ഭർതൃപീഡനം: ഭർതൃവീട്ടിലേക്ക് മടങ്ങിപോകാൻ മടിച്ച മകളെ അച്ഛൻ തല്ലിക്കൊന്നു; മകളെ പിന്തുണച്ച അമ്മയേയും കൊലപ്പെടുത്തി

Advertisement

ഹൈദരാബാദ്: ഭർതൃവീട്ടിലേക്ക് മടങ്ങാൻ മടിച്ച മകളെ തെലങ്കാനയിൽ അച്ഛൻ തല്ലിക്കൊന്നു. മകളെ പിന്തുണച്ച അമ്മയേയും കൊലപ്പെടുത്തി.

ഭർതൃപീഡനം കാരണം മടങ്ങിപോകാൻ മടിച്ചതിൻറെ പേരിലായിരുന്നു കൊലപാതകം.

തെലങ്കാനയിലെ മെഹബൂബ് നഗറിലാണ് ദാരുണസംഭവം ഉണ്ടായത്. മകൾ ഭർതൃവീട്ടിലേക്ക് മടങ്ങില്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം. 23 കാരിയായ സരസ്വതിയെയും അമ്മ കലയേയും അച്ഛൻ കൃഷ്ണയ്യ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച്‌ കൊലപെടുത്തുകയായിരുന്നു. മെയ് എട്ടിനായിരുന്നു സരസ്വതിയുടെ വിവാഹം. ഭർതൃപീഡനത്തെ തുടർന്ന് വിവാഹം കഴിഞ്ഞ പത്താം ദിവസം സരസ്വതി വീട്ടിൽ തിരിച്ചെത്തി. ഭർത്താവും വീട്ടുകാരുമായി ഒത്തുപോകാൻ കഴിയില്ലെന്നും മടങ്ങിപോകില്ലെന്നും സരസ്വതി നിലപാട് എടുത്തു. മകളുടെ തീരുമാനത്തെ അമ്മ കല പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ മകൾ മടങ്ങിപോകണമെന്നും വീട്ടിൽ നിന്നാൽ സമൂഹത്തിന് മുന്നിൽ നാണക്കേട് ആണെന്നുമായിരുന്നു അച്ഛൻ കൃഷ്ണയ്യയുടെ നിലപാട്.

മകളോട് ഭർതൃവീട്ടിലേക്ക് പോകണമെന്ന് കൃഷ്ണയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ പേരിൽ വീട്ടിൽ തർക്കം പതിവായിരുന്നു. ഉച്ചയോടെ മദ്യപിച്ചെത്തിയ കൃഷ്ണയ്യയും മകളുമായി ഇതിൻറെ പേരിൽ വഴക്കുണ്ടായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് മകളുടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ അമ്മ കലയെയും തലയ്ക്കടിച്ചു കൊന്നു. പിന്നാലെ സ്വയം വിഷംകഴിച്ച കൃഷ്ണയ്യ ബന്ധുവിനെ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ അമ്മയും മകളും മരിച്ചിരുന്നു. വിഷം കഴിച്ച കൃഷ്ണയ്യ അപകടനില തരണം ചെയ്തു. ബിരുദാനാന്തര ബിരുദ പഠനം തീരും മുമ്പാണ് സരസ്വതിയെ അച്ഛൻ നിർബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചത്. എം കോം പഠനം തുടരാൻ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ല. സ്വന്തം വീട്ടിൽ മടങ്ങിയെത്തി മുടങ്ങിപോയ പഠനം പുനരാരംഭിക്കാനുള്ള സരസ്വതിയുടെ ശ്രമത്തിനിടെയാണ് കൊലപാതകം.