ഗ്യാന്‍വാപി ഹര്‍ജി: അഭിഭാഷകരെ മാറ്റി

Advertisement

വാരാണസി: ഗ്യാന്‍വാപി പള്ളിയില്‍ അവകാശവാദം ഉന്നയിച്ച് ഹര്‍ജി നല്‍കിയ വിശ്വ വൈദിക് സനാതന്‍ സകല് തങ്ങളുടെ അഭിഭാഷകരായ ഹരിശങ്കര്‍ ജയിന്‍, മകന്‍ വിഷ്ണു ജയിന്‍ എന്നിവരെ മാറ്റി, അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യം കോടതിയെ അറിയിക്കുമെന്ന് സംഘ് പ്രസിഡന്റ് ജിതേന്ദ്ര സിങ് വിസേന്‍ അറിയിച്ചു. എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല.

മഥുരയിലെ ഈദ്ഗാഹ് പള്ളി, കുത്തബ് മിനാറിനുള്ളിലുണ്ടെന്ന അവകാശപ്പെടുന്ന 27 ഹിന്ദു ജൈന ക്ഷേത്രങ്ങള്‍ എന്നിവയില്‍ അവകാശവാദമുന്നയിച്ചും താജ്മഹലിലെ 22 മുറികളിലെ രഹസ്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടും നല്‍കിയിട്ടുള്ള ഹര്‍ജികളില്‍ ഹാജരാകുന്നതും ഇവരാണ്. എല്ലാ കേസുകളില്‍ നിന്നും ഇവരെ മാറ്റുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജയിനും മകനും നേതൃത്വം നല്‍കുന്ന ഹിന്ദ് സാമ്രാജ്യ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഒഴിയുന്നതായും ജിതേന്ദ്ര സിങ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഗ്യാന്‍വ്യാപിയുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ തുടര്‍ന്നും ഹാജരാകുമെന്ന് ഹരിശങ്കര്‍ ജയിന്‍ വ്യക്തമാക്കി. ആകെ അഞ്ച് ഹര്‍ജികളാണ് ഈ വിഷയത്തില്‍ ഉള്ളത്. ഗ്യാന്‍ വ്യാപി പള്ളിക്കേസില്‍ കോടതി നടപടികള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതും ജയിനും മകനുമാണ്.

Advertisement