ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റുകളും പൊലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ ആണ് സംഭവം
കശ്മീര്‍ താഴ് വരയില്‍ തുടര്‍ച്ചയായി സംഭവിച്ച് കൊണ്ടിരിക്കുന്ന തീവ്രവാദി ആക്രമണത്തില്‍ ഭയചകിതരായി കഴിയുന്ന പണ്ഡിറ്റുകള്‍ തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യവുമായാണ് തെരുവിലിറങ്ങിയത്. റോഡില്‍ പ്രതിഷേധ സമരം അരങ്ങേറാന്‍ അനുവദി്ക്കില്ലെന്ന് കാട്ടി പൊലീസ് രംഗത്ത് എത്തിയതോടെയാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്.
പ്രധാനമന്ത്രിയുടെ പ്രത്യേക പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി താഴ് വരയില്‍ വിവിധ തസ്തികകളില്‍ നിയമിച്ചവരാണ് തെരുവിലിറങ്ങിയത്. നാളെ രാവിലെയോടെ തങ്ങള്‍ താഴ് വരയില്‍ നിന്ന് കൂട്ടപ്പലയാനം നടത്തുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. നാല്‍പ്പതിനായിരത്തോളം പേര്‍ ഇവിടം വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസവും ചിലര്‍ ഇവിടെ നിന്ന് പോകാന്‍ തുടങ്ങിയെങ്കിലും പൊലീസുകാര്‍ അനുവദിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ബദ്ഗാമിലെ ചാഡൂരയില്‍ ഓഫീസിനകത്ത് വച്ച് രാഹുല്‍ ഭട്ട് എന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതോടെയാണ് പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുന്നത്. മെയ് പന്ത്രണ്ടിനാണ് ഈ കൊലപാതകം നടന്നത്. ഭട്ടിന്റെ കൊലപാതകത്തോടെ തങ്ങളില്‍ പലരും കടുത്ത വിഷാദത്തിലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. കശ്മീരില്‍ തങ്ങളുടെ കുട്ടികളുടെ ഭാവി ശോഭനമാകില്ലെന്നും ഇവര്‍ കരുതുന്നു. ഏറ്റവും ഒടുവില്‍ രജനി ബാല എന്ന സ്‌കൂള്‍ അധ്യാപിക കൂടി കൊല്ലപ്പെട്ടതോടെ തങ്ങളുടെ സ്വസ്ഥത മുഴുവന്‍ നശിച്ചെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.