ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിർദ്ദേശം. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കേന്ദ്ര നിർദ്ദേശം വന്നതിന് തൊട്ടുപിന്നാലെ മഹാരാഷ്ട്രയിൽ മാസ്‌ക് വീണ്ടും നിർബന്ധിതമാക്കി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് ജില്ലാ ഭരണകൂടങ്ങൾക്ക് അയച്ച കത്തിലാണ് അറിയിപ്പ്. കോവിഡ് നിരക്കുകൾ വർദ്ധിക്കുന്നതിൽ ജില്ലാ ഭരണകൂടങ്ങളോട് സംസ്ഥാന സർക്കാർ കത്തിൽ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ കോവിഡ് പരിശോധന എല്ലാ ജില്ലകളിലും വർധിപ്പിക്കണമെന്നും വാക്സിനേഷൻ വേഗത്തിലാക്കാനും അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു.
നേരത്തെ കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളായ ബസ്, ട്രെയിൻ, ആശുപത്രികൾ, കോളജുകൾ, സ്കൂളുകൾ, സിനിമ തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ഒഴിവാക്കിയിരുന്നു. ഇത്തവണ ഫൈനൽ, സെമി ഫൈനൽ അല്ലാത്ത മുഴുവൻ ഐപിൽ മത്സരങ്ങളും മഹാരാഷ്ട്രയിലായിരുന്നു നടന്നിരുന്നത്.
മൂന്ന് മാസങ്ങളായി കേസുകൾ കുറഞ്ഞു വന്നിരുന്ന മഹാരാഷ്ട്രയിൽ ജൂൺ ഒന്നിന് പ്രതിദിന കേസുകൾ 1,000 കടന്നിരുന്നു. വെള്ളിയാഴ്ച 1,134 പുതിയ കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.