റെയില്‍വേ യാത്രക്കാര്‍ക്കും ലഗേജിന് അധിക ചാര്‍ജ് വരുന്നു

Advertisement

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോയാല്‍ ഇനി മുതല്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരും. കാലങ്ങളായി യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ലഗേജുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഉദാര സമീപനമാണ് പുലര്‍ത്തിയിരുന്നത്.

എന്നാല്‍ പുത്തന്‍ ലഗേജ് നിയമങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നുവെന്നാണ് റെയില്‍വേ മന്ത്രാലയം നല്‍കുന്ന സൂചന. ഇക്കാര്യം റെയില്‍വേ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അധിക ലഗേജുകളുമായി യാത്രയ്ക്ക് എത്തരുതെന്നാണ് മന്ത്രാലയം നല്‍കുന്ന സൂചന. സൗകര്യപ്രദമായ യാത്രയ്ക്ക് കഴിയും വിധം മാത്രമേ ലഗേജ് കയ്യില്‍ കരുതാന്‍ പാടുള്ളൂ. കൂടുതല്‍ ലഗേജുണ്ടെങ്കില്‍ അവ പാഴ്‌സല്‍ ഓഫീസില്‍ എത്തിച്ച് അയക്കാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

സ്‌ലീപ്പര്‍ ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ നാല്‍പ്പത് കിലോയില്‍ കൂടുതല്‍ കരുതാന്‍ പാടില്ല. ഇതില്‍ കൂടുതല്‍ ലഗേജുണ്ടെങ്കില്‍ അതിന് അധികം പണം നല്‍കേണ്ടി വരും. സെക്കന്‍ഡ് ക്ലാസ് യാത്രികര്‍ക്ക് 35 കിലോ കൊണ്ടുപോകാന്‍ മാത്രമേ അനുവാദമുള്ളൂ. എസി ഫസ്റ്റ്ക്ലാസ് യാത്രികര്‍ക്ക് 70 കിലോ വരെ കൊണ്ടുപോകാം. എന്നാല്‍ വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്നത് പോലെ അധിക ബാഗേജിന് അധിക തുക നല്‍കി അത് കൊണ്ടുപോകാന്‍ സാധിക്കും.

ബുക്ക് ചെയ്യാതെ ലഗേജുകള്‍ കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആറിരട്ടി വരെ അധിക തുക നല്‍കേണ്ടി വരും. 500 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് നാല്‍പ്പത് കിലോ അധികമായി കൊണ്ടുപോകേണ്ടി വന്നാല്‍ 109 രൂപ നല്‍കി ലഗേജ് വാന്‍ ബുക്ക് ചെയ്യാം. എന്നാല്‍ ബുക്ക് ചെയ്യാതിരുന്നാല്‍ ഇതിന് 654 രൂപയാകും അധിക ബാഗേജ് തുക നല്‍കേണ്ടി വരിക.