കറൻസി നോട്ടുകളിൽ ​ഗാന്ധിക്ക് പുറമെ, ടാ​ഗോറിന്റെയും അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ പരി​ഗണിക്കുന്നു

Advertisement

ന്യൂഡൽഹി: രാജ്യത്തെ കറൻസി നോട്ടുകളിൽ മഹാത്മാ ​ഗാന്ധിയുടെ ചിത്രത്തിന് പുറമ, രവീന്ദ്രനാഥ ടാഗോറിനെയും എപിജെ അബ്​ദുൾ കലാമിനെയും ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ടാഗോറിന്റെയും കലാമിന്റെയും വാട്ടർമാർക്ക് ചിത്രങ്ങൾ കറൻസികളിൽ ഉപയോ​ഗിക്കുന്നത് ധനമന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) പരിഗണിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യമായാണ് മഹാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ നോട്ടുകളിൽ ഉപയോഗിക്കാൻ ആർബിഐ ആലോചിക്കുന്നത്.

ആർബിഐക്കും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഗാന്ധി, ടാഗോർ, കലാം വാട്ടർമാർക്കുകളുടെ രണ്ട് വ്യത്യസ്ത സെറ്റ് സാമ്പിളുകൾ വിദ​ഗ്ധ പരിശോധനക്കായി ഐഐടി ദില്ലി എമറിറ്റസ് പ്രൊഫസർ ദിലീപ് ടി ഷഹാനിക്ക് അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഷഹാനി തെരഞ്ഞെടുക്കുന്ന സാമ്പിൾ സർക്കാരിന്റെ അന്തിമ പരിഗണനക്ക് നൽകാനായി അദ്ദേഹത്തോട് നിർദേശിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ തീരുമാനം ഉന്നത തലത്തിൽ എടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് വാട്ടർമാർക്ക് സാമ്പിളുകളുടെ രൂപകൽപ്പനയ്ക്ക് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നു. ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും കറൻസി നോട്ടുകളിൽ ഒന്നിലധികം അക്കങ്ങളുടെ വാട്ടർമാർക്കുകൾ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ആരായാനുള്ള നീക്കവും നടക്കുന്നുണ്ട്.

​ഗാന്ധിയുടെ ചിത്രത്തിന് പുറമെ, ടാ​ഗോറിന്റെയും കലാമിന്റെയും വാട്ടർമാർക്കുകൾ ഉപയോ​ഗിക്കണമെന്ന് 2017-ൽ, നോട്ടുകളുടെ സുരക്ഷാ സവിശേഷതകൾ ശുപാർശ ചെയ്യുന്നതിനായി രൂപീകരിച്ച റിസർവ് ബാങ്ക് ആഭ്യന്തര കമ്മിറ്റികളിലൊന്ന് നിർദേശം നൽകിയിരുന്നു. തുടർന്ന് 2021-ൽ, ആർബിഐ മൈസൂർ ആസ്ഥാനമായുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ പ്രൈവറ്റ് ലിമിറ്റഡിനും ഹൊഷംഗബാദിലെ എസ്പിഎംസിഐഎല്ലിന്റെ സെക്യൂരിറ്റി പേപ്പർ മില്ലിനും വാട്ടർമാർക്ക് സാമ്പിളുൾ രൂപകൽപ്പന ചെയ്യാൻ നിർദ്ദേശങ്ങൾ നൽകി. തുടർന്ന്, സാമ്പിളുകൾ പരിശോധിക്കുന്നതിനായി വിദ​ഗ്ധനായ ഷഹാനിക്ക് അയച്ചു. സാമ്പിളുകളുടെ സൂക്ഷ്മമായ വശങ്ങളെക്കുറിച്ച് ഷഹാനി ഉദ്യോഗസ്ഥരുമായി നിരവധി റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കൻ ഡോളറിന്റെ വ്യത്യസ്ത മൂല്യങ്ങൾ ജോർജ്ജ് വാഷിംഗ്ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, തോമസ് ജെഫേഴ്സൺ, ആൻഡ്രൂ ജാക്സൺ, അലക്സാണ്ടർ ഹാമിൽട്ടൺ തുടങ്ങിയ നേതാക്കന്മാരുടെയും എബ്രഹാം ലിങ്കൺ ഉൾപ്പെടെ 19-ാം നൂറ്റാണ്ടിലെ ഏതാനും പ്രസിഡന്റുമാരുടെയും ചിത്രങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്.