വാടക ഗര്‍ഭപാത്രം: കടമ്പകള്‍ ഏറെ

Advertisement

ന്യൂഡല്‍ഹി: രാജ്യത്ത് വാടക ഗര്‍ഭപാത്രത്തിന് ആവശ്യക്കാര്‍ ഏറെയാണ്. സ്വന്തം ഗര്‍ഭപാത്രത്തില്‍ ഒരുകുഞ്ഞിനെ പേറാന്‍ കഴിയാതെ വരുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ തിരക്കുള്ള ജീവിതത്തിനിടെ ഒന്നരവര്‍ഷത്തോളം ഗര്‍ഭ, പ്രസവ ശുശ്രൂക്ഷകള്‍ക്ക് നീക്കി വയ്ക്കാനാകാത്തത് വരെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ കുഞ്ഞിനെ പേറാന്‍ വേണ്ടി വാടകയ്ക്ക് ഒരു ഗര്‍ഭപാത്രം തേടുമ്പോഴാണ് നമ്മുടെ രാജ്യത്ത് അത് അത്ര എളുപ്പമല്ലെന്ന് മനസിലാകുക. പ്രായം, വൈവാഹിക സ്ഥിതി, ലിംഗം തുടങ്ങി വിവിധ കാരണങ്ങളുടെ പേരില്‍ പലര്‍ക്കും ഇതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു.

വാടക ഗര്‍ഭപാത്രത്തിന്റെ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍ തടയാനായാണ് കഴിഞ്ഞ കൊല്ലം പുത്തന്‍ നിയമങ്ങള്‍ കൊണ്ടുവന്നത് ലിംഗ നിര്‍ണയം അടക്കമുള്ള പല അധാര്‍മ്മിക നടപടികളും ഇതിന്റെ മറവില്‍ നടക്കുന്നുണ്ട്. വാടക ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ഥിതിയുമുണ്ട്. ഇത്തരത്തില്‍ സ്്ത്രീകളെ ചൂഷണം ചെയ്താല്‍ ജയില്‍ ശിക്ഷ അടക്കമുള്ളവയ്ക്ക് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

വാടക ഗര്‍ഭപാത്രം തേടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയും പുതിയ നിയമം മുന്നോട്ട് വയ്ക്കുന്നുണ്ട്. വാടക ഗര്‍ഭപാത്രം തേടുന്ന ദമ്പതിമാര്‍ വിവാഹിതരായി അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കണമെന്നും ഇവര്‍ക്ക് മറ്റ് കുട്ടികള്‍ ഉണ്ടായിരിക്കരുതെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വാടക ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീ ദമ്പതികളുടെ അടുത്ത ബന്ധുവായിരിക്കണം ഇവര്‍ക്ക് 25നും മുപ്പത്തഞ്ചിനും ഇടയിലായിരിക്കണം പ്രായമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇവര്‍ വിവാഹിതയായിരിക്കണമെന്നും ഒരു കുട്ടിയെങ്കിലും ഉണ്ടായിരിക്കണമെന്നും നിയമത്തില്‍ പറയുന്നു.

ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ക്ക് വാടക ഗര്‍ഭപാത്രം സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഇവര്‍ വിധവയോ വിവാഹമോചനം നേടിയ വ്യക്തിയോ ആയിരിക്കണം, അതേസമയം അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് വാടക ഗര്‍ഭപാത്രം തേടാനാകില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.