ചെന്നൈ: ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നു. തെന്നിന്ത്യൻ താരറാണി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂൺ ഒമ്പതിന് തന്നെ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും ജൂൺ ഒമ്പതിന് വിവാഹിതരാകുന്നുവെന്ന രീതിയിൽ ക്ഷണക്കത്ത് സഹിതം വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴാണ് ഔദ്യോഗികമായി വിവാഹതീയതി പ്രഖ്യാപിച്ചുകൊണ്ട് സംവിധായകൻ വിഘ്‌നേഷ് ശിവൻ രംഗത്തെത്തിയത്.
വിവാഹത്തിന് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ ചെന്നൈ താജ് ക്ലബിൽ സംഘടിപ്പിച്ച പ്രത്യേക പ്രസ് മീറ്റിലാണ് വിഘ്‌നേഷ് വിവാഹതീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘എന്റെ വ്യക്തിജീവിതവും അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. ജൂൺ ഒമ്പതിന് ഞാനെന്റെ കൂട്ടുകാരിയും പ്രണയിനിയുമായ നയൻതാരയെ വിവാഹം കഴിക്കുന്നു.
മഹാബലിപുരത്ത് വച്ച് നടക്കുന്ന ഇന്റിമേറ്റഡ് വെഡ്ഡിംഗിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. ജൂൺ 11ന് ഞങ്ങൾ നിങ്ങളെ എല്ലാവരെയും വന്നു കാണാം. എപ്പോഴും നിങ്ങളുടെ അനുഗ്രഹം വേണം.,’ പ്രസ് മീറ്റിൽ വിഘ്‌നേഷ് പറഞ്ഞു. വിവാഹത്തിന് രണ്ടുനാൾ മുമ്പാണ് പ്രഖ്യാപനം.
വിവാഹം തിരുപ്പതിയിൽ നിന്ന് മഹാബലിപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചതിന്റെ കാരണവും വിഘ്‌നേഷ് ശിവൻ വെളിപ്പെടുത്തി. ‘ഞങ്ങൾക്ക് ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നിരുന്നാലും, ലോജിസ്റ്റിക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഞങ്ങളുടെ കുടുംബങ്ങളെ തിരുപ്പതിയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടായിരുന്നു. അതിനാൽ, വിവാഹ വേദി മഹാബലിപുരത്തേക്ക് മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു എന്ന് വിഘ്‌നേഷ് ശിവനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
നയൻതാരയും വിഘ്നേഷ് ശിവനും അടുത്തിടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട് വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഈ സമയത്ത് നടനും ചലച്ചിത്ര നിർമാതാവും രാഷ്ട്രീയക്കാരനും നിലവിലെ മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിനും അവിടെ ഉണ്ടായിരുന്നു.
താരങ്ങൾ ഇതിനകം തന്നെ തങ്ങളുടെ വിവാഹ വീഡിയോയുടെ അവകാശം സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്‌സിന് വിറ്റതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. പ്രമുഖ സംവിധായകൻ ഗൗതം മേനോൻ വിവാഹ ചടങ്ങുകൾ മുഴുവൻ ഡോക്യുമെന്ററി രീതിയിൽ ചിത്രീകരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.