ഹോംവർക്ക് ചെയ്തില്ല; അഞ്ചു വയസുകാരിയെ കയ്യും കാലും കെട്ടി അമ്മ ചുട്ടുപൊള്ളുന്ന ടെറസിലിട്ടു

Advertisement

ന്യൂഡൽഹി: ഹോംവർക്ക് ചെയ്യാത്തതിനെ തുടർന്ന് അഞ്ചു വയസുകാരിയോട് അമ്മയുടെ ക്രൂരത. കുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം ചുട്ടുപൊള്ളുന്ന വീടിൻറെ ടെറസിൽ കൊണ്ടുപോയിട്ടു.

വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് പ്രദേശത്താണ് സംഭവം.

പൊരിവെയിലത്ത് കിടന്നു കുട്ടി കഷ്ടപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.25 സെക്കൻറ് മാത്രം നീണ്ടു നിന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അയൽവാസിയായ ഒരു സ്ത്രീയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള കടുത്ത ചൂടുള്ള സമയത്താണ് ഇത്തരത്തിൽ നടപടിയുണ്ടായിരിക്കുന്നത് എന്ന് പറയുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട ഡൽഹി പൊലീസ് കേസെടുക്കുകയായിരുന്നു.

ജൂൺ രണ്ടിനാണ് സംഭവം നടന്നിരിക്കുന്നത്. ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് കുട്ടി. ഗൃഹപാഠം പൂർത്തിയാക്കാത്തതിന് മകളെ ‘5 -7 മിനിറ്റ് മാത്രം’ ശിക്ഷിക്കുകയായിരുന്നുവെന്നും പിന്നീട് കുട്ടിയെ താഴെയിറക്കുകയും ചെയ്തതായും അമ്മ പൊലീസിനോട് പറഞ്ഞു. അമ്മയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള നടപടി ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Advertisement