ന്യൂഡൽഹി: ലോക സാമ്പത്തിക രംഗം തകർത്തു തരിപ്പണമാക്കിയ മഹാമാരിയുടെ ആ രണ്ടു വർഷത്തിൽ പുതിയതായി 64 ശതകോടീശ്വരന്മാരെ കൂടി സൃഷ്ടിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. ഫോബ്സ് റിച്ച് ലിസ്റ്റിന്റെയും ബ്ലൂംബെർഗ് ബില്യനർ ലിസ്റ്റിന്റെയും കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തിൽ, പ്രമുഖ സന്നദ്ധ സംഘടനയായ ഓക്സ്ഫാം തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, 2020ൽ 102 ശതകോടീശ്വരന്മാർ ഉണ്ടായിരുന്ന ഇന്ത്യയിൽ, 2022ൽ അത് 166 ആയി. അങ്ങനെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനത്തെത്തി.
ഇന്ത്യയ്ക്കു മുന്നിൽ അമേരിക്കയും (736 പേർ) ചൈനയും (539) മാത്രമേയുള്ളൂ. കോവിഡിന്റെ അവസാന വർഷം 11 ദിവസത്തിൽ ഒരു ശതകോടീശ്വരനെ സൃഷ്ടിച്ചുകൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. നേട്ടങ്ങൾ അവിടെയും തീരുന്നില്ല. ഇക്കാലയളവിൽ ലോകത്തെ ആറാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും സമ്പന്നനായ ഗൗതം അദാനിയുടെയും (ആകെ സ്വത്തിന്റെ മൂല്യം 10,600 കോടി ഡോളർ) ലോകത്തെ എട്ടാമത്തെയും രാജ്യത്തെ രണ്ടാമത്തെയും സമ്പന്നനായ മുകേഷ് അംബാനിയുടെയും (9540 കോടി ഡോളർ), ലോകത്തെ നാൽപത്തിരണ്ടാമത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും കോടീശ്വരനായ അസിം പ്രേംജിയുടെയും (2820 കോടി ഡോളർ) മൊത്തം മിച്ച മൂല്യം രാജ്യത്തിന്റെ ജിഡിപിയുടെ 8.6 ശതമാനത്തിനു തുല്യമായി വളർന്നു. മഹാമാരിയുടെ കാലത്തു വാക്സീനുകൾ നിർമിച്ച് കോടികൾ കൊയ്ത സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയർമാനായ സൈറസ് പൂനെവാല ആരോഗ്യ പരിപാലന മേഖയിലെ ഏറ്റവും സമ്പന്നനായ ശതകോടീശ്വരനായി ഹുറൂൺ ഗ്ലോബൽ ഹെൽത്ത്കെയർ റിച്ച് ലിസ്റ്റ് 2022ൽ സ്ഥാനം പിടിച്ചു. മഹാമാരിക്കാലത്തെ രണ്ടുവർഷംകൊണ്ടു ‘വാക്‌സീൻ ഭീമന്റെ’ മിച്ച മൂല്യം 217 ശതമാനം വർധിച്ച് 2600 കോടി ഡോളറായി.