പതഞ്ജലി എല്ലാ ആയൂര്‍വേദ ഉത്പന്നങ്ങളുടെയും പരസ്യം പിന്‍വലിച്ചു

Advertisement

ന്യുൂഡല്‍ഹി: പതഞ്ജലിയുടെ എല്ലാ ആയൂര്‍വേദ ഉത്പന്നങ്ങളുടെയും പരസ്യം പിന്‍വലിച്ചു. 1954ലെ ഇന്ത്യന്‍ മരുന്ന് നിയമങ്ങളിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിയമം ലംഘിക്കുന്നുവെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര ആയുഷ് മന്ത്രാലയവും ഉത്തരാഖണ്ഡ് സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ പരസ്യം നിയം ലംഘിക്കുന്നുവെന്നുംതെറ്റിദ്ധരിപ്പിക്കുന്നുവെന്നും ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ പരസ്യം പിന്‍വലിക്കുകയാണെന്ന് പതഞ്ജലിയുടെ മരുന്ന് നിര്‍മ്മാണ കമ്പനിയായ ദിവ്യ ഫാര്‍മസി ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

ദിവ്യ ലിപിഡോം ടാബ് ലറ്റ്, ദിവ്യ ലിവോഗ്രിറ്റ് ടാബ് ലറ്റ്, ദിവ്യ ലിവാമൃത് അഡ്വാന്‍സ് ടാബ് ലറ്റ് ദിവ്യ മധുനാശിനി വതി, ദിവ്യ മധുനാശിനി വതി ടാബ് ലറ്റ് തുടങ്ങിയവയുടെ പരസ്യങ്ങളാണ് പിന്‍വലിച്ചിരിക്കുന്നത്. കമ്പനി അനധികൃതമായ പരസ്യങ്ങളിലൂടെ ഹൃദയ,കരള്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവയെ നിയന്ത്രിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് കേന്ദ്ര ആയൂഷ് മന്ത്രാലയം ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കര്‍ണാടക, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

തങ്ങള്‍ നിയമലംഘനം നടത്തിയെന്ന് കമ്പനി സമ്മതിച്ചതായി കണ്ണൂരുകാരനായ കെ വി ബാബു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമായിട്ടുണ്ട്.

പരസ്യത്തിനെതിരെ ഡോ ബാബു ഫെബ്രുവരിയിലാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ വി ജി സോമാനിക്ക് പരാതി നല്‍കിയത്.

Advertisement