ന്യൂഡൽഹി: സസ്‌പെൻഡ് ചെയ്ത ബിജെപി വക്താവ് നൂപുർ ശർമ്മക്കെതിരെ വീഡിയോ ചെയ്ത യൂട്യൂബർ ഫൈസൽ വാനി മാപ്പ് പറഞ്ഞു.
വീഡിയോ വൈറലാകുകയും പിന്നീട് വിവാദമാകുകയും ചെയ്തിരുന്നു.
തുടർന്നാണ് അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. “വീഡിയോ നിർമ്മിച്ചത് ഞാനാണ്. പക്ഷേ എനിക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ വീഡിയോ ഡിലീറ്റ് ചെയ്തു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു”- കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫൈസൽ വാനി പറഞ്ഞു.
ഫൈസൽ വാനി യൂട്യൂബിൽ ഡീപ് പെയിൻ ഫിറ്റ്നസ് എന്ന പേരിൽ ഒരു ഫിറ്റ്നസ് ചാനൽ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ ആണ് വിവാദമായത്. നൂപൂർ ശർമ്മയുടെ ചിത്രത്തിന്റെ തലവെട്ടിമാറ്റുന്നതായിരുന്നു വീഡിയോ.
വിവാദമായതിനെ തുടർന്ന് ചാനലിൽ നിന്ന് ഗ്രാഫിക് വീഡിയോ നീക്കം ചെയ്തു. ഇടത്തരം കുടുംബത്തിൽപ്പെട്ടയാളാണെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല വീഡിയോ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.