ക്ഷേത്രത്തിൽ ചെരിപ്പിട്ട് പ്രവേശിച്ചതിന് നയൻതാരയ്ക്ക് നോട്ടീസ് അയക്കുമെന്ന് ക്ഷേത്രം അധികൃതരുടെ തീരുമാനം

Advertisement

തിരുപ്പതി: ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേയും യുവസംവിധായകൻ വി​ഗ്നേഷ് ശിവന്റേയും വിവാഹവാർത്തകളാണ് മാധ്യമങ്ങളിൽ എവിടെയും. ആരാധകർ ഇരുവരുടേയും വിവാഹം ആഘോഷമാക്കുകയാണ്. പക്ഷേ ഈ സന്തോഷത്തിനിടയിലും കല്ലുകടിപോലെ ഒരു വിവാദം ഉയർന്നുവന്നിരിക്കുകയാണ്. നയൻസും വിഘ്നേഷും നടത്തിയ തിരുപ്പതി ദർശനവുമായി ബന്ധപ്പെട്ടാണ്‌ വിവാദം.

വിവാഹത്തിന് തൊട്ടടുത്തദിവസമാണ് നവവധൂവരന്മാർ തിരുപ്പതി വെങ്കടേശ്വരക്ഷേത്രം സന്ദർശിച്ചത്. ഇതിന്റെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽ ചിലതിൽ നയൻതാര ക്ഷേത്ര മതിൽക്കെട്ടിനകത്ത് ചെരിപ്പിട്ട് നടക്കുന്നതായി കാണാമായിരുന്നു. ഇതാണ് വിവാദത്തിനിടയാക്കിയത്. ക്ഷേത്രത്തിനകത്തെ പരിസരത്ത് ചെരിപ്പിട്ട് നടക്കാൻ പാടില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ പറഞ്ഞു.

നടി ചെരിപ്പിട്ട് നടക്കുന്നത് കണ്ടയുടൻ ഞങ്ങളുടെ സുരക്ഷാ ജീവനക്കാർ അത് പാടില്ലെന്ന് പറഞ്ഞിരുന്നു. ക്ഷേത്രത്തിനകത്ത് അവർ ചിത്രങ്ങളുമെടുത്തിരുന്നു. അതും വിലക്കി. സന്ദർശകർക്ക് ക്ഷേത്രത്തിനകത്ത് ക്യാമറ ഉപയോ​ഗിക്കാൻ പാടില്ലെന്നും കിഷോർ പറഞ്ഞു. അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണിക്കാര്യം.

ക്ഷേത്രത്തിൽ ചെരിപ്പിട്ട് പ്രവേശിച്ചതിന് നയൻതാരയ്ക്ക് നോട്ടീസ് അയക്കാനാണ്‌ ക്ഷേത്രം അധികൃതരുടെ തീരുമാനം. വിഷയത്തിൽ ക്ഷേത്രാധികാരികളോടും വിശ്വാസികളോടും ക്ഷമാപണം നടത്താൻ നയൻതാര സന്നദ്ധയായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. വി​ഗ്നേഷ് നേരത്തേതന്നെ ക്ഷമ പറഞ്ഞിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് വി​ഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. വർണശബളമായ ചടങ്ങിൽ രജനികാന്തും ഷാരൂഖ് ഖാനും അടക്കമുള്ള സൂപ്പർതാരങ്ങൾ എത്തിയിരുന്നു. നേരത്തേ തിരുപ്പതിയിൽ വെച്ച് നടത്താനിരുന്ന വിവാഹം മഹാബലിപുരത്തേക്ക് മാറ്റുകയായിരുന്നു.

Advertisement