ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ ഭക്ഷ്യസുരക്ഷാ സൂചികയിൽ തമിഴ്നാടിന് ഒന്നാംസ്ഥാനം.
നൂറിൽ 82 പോയന്റ് നേടിയാണ് തമിഴ്നാട് 17 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.)യാണ് 2021-22-ലെ പട്ടിക പുറത്തിറക്കിയത്. കേരളം ആറാംസ്ഥാനത്താണ്. 57 പോയന്റ്. കഴിഞ്ഞവർഷം 70 പോയന്റോടെ രണ്ടാമതായിരുന്ന കേരളം ഇക്കുറി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
കഴിഞ്ഞവർഷം ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് ഇക്കുറി രണ്ടാംസ്ഥാനത്താണ്(77.5 പോയന്റ്). മൂന്നാംസ്ഥാനത്ത് മഹാരാഷ്ട്രയാണ്(70). ഹിമാചൽപ്രദേശ് (65.5), പശ്ചിമബംഗാൾ (58.5), മധ്യപ്രദേശ് (58.5) സംസ്ഥാനങ്ങൾ കേരളത്തിന് മുന്നിലെത്തി.
ആന്ധ്രാപ്രദേശാണ് വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിൽ(26 പോയന്റ്). ഉത്തർപ്രദേശ് (54.5) എട്ടാംസ്ഥാനത്താണ്. ചെറിയ സംസ്ഥാനങ്ങളിൽ ഗോവ ഒന്നാംസ്ഥാനം നിലനിർത്തി. മണിപ്പുർ രണ്ടും സിക്കിം മൂന്നും സ്ഥാനങ്ങൾ നേടി. അരുണാചൽപ്രദേശാണ് ഏറ്റവും പിന്നിൽ.
കേന്ദ്രഭരണപ്രദേശങ്ങളിൽ ജമ്മുകശ്മീരാണ് ഒന്നാംസ്ഥാനത്ത്. ഡൽഹിയും ചണ്ഡീഗഢും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഈ പട്ടികയിൽ ലക്ഷദ്വീപാണ് ഏറ്റവും പിന്നിൽ(16). ഓരോ പൗരന്റെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സൂചിക പുറത്തിറക്കി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു