മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച്‌ റബർ തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്പുകടിയേറ്റു മരിച്ചു

Advertisement

കന്യാകുമാരി: മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച്‌ അമ്മയും മക്കളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഒളിച്ചു ഇരിക്കവെ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.
സംഭവത്തിന് മുൻപ് കുട്ടികൾ കരഞ്ഞു കൊണ്ട് പകർത്തിയ വീഡിയോ മീഡിയയിൽ വൈറലായി. കന്യാകുമാരി ജില്ലയിൽ തിരുവട്ടാർ കുട്ടയ്ക്കാട്ടിലാണ് സംഭവം.

ദിവസവും രാത്രിയിൽ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു എത്തുന്ന സുരേന്ദ്രൻ എല്ലാ ദിവസവും ഭാര്യ സിജി മോളെയും
മക്കളായ സുഷ്ക മോൾ (4), സുഷിൻ സിജോ (12 ), സുജിലിൻ ജോ (9) എന്നിവരെ സ്ഥിരമായി മർദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ചു എത്തി ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ അവിടെ വച്ചു നാലു വയസ്സുകാരിയായ സുഷ്ക മോളെ പാമ്പുകടിക്കുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചിൽ കേട്ടു കുട്ടികളെയും കൊണ്ട് അമ്മ സമീപത്തെ വീട്ടിൽ എത്തിച്ചു. അപ്പോഴേക്കും കുഞ്ഞ് അബോധാവസ്ഥയിലായി. തുടർന്ന് നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

തുടർന്ന് തിരുവട്ടാർ പോലീസ് കുഞ്ഞിന്റെ അച്ഛനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. കഴിഞ്ഞ ആഴ്ചയിലും സുരേന്ദ്രൻ മദ്യപിച്ചു എത്തി രാത്രി കുട്ടികളെ മർദിക്കുകയും മക്കൾ മൂവരും കരഞ്ഞു വിഷമത്തോടെ പറയുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Advertisement