ഈ വർഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് സൂചന; ലേലം നടത്താൻ അനുമതി

Advertisement

ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചേക്കുമെന്ന് സൂചന. 5ജി സ്പെക്‌ട്രം ലേലം നടത്താൻ സർക്കാർ അനുമതി നൽകി.

ജൂലായ് അവസാനത്തോടെ ലേലം നടപടികൾ പൂർത്തിയാകും.

ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയൻസ് ജിയോയും, ഭാരതി എയർടെലും, വോഡഫോൺ ഐഡിയയും ആദ്യ ഘട്ട 5ജി വിന്യാസത്തിനായി തയാറെടുത്തിട്ടുണ്ട്. 72097.85 മെഗാഹെർട്സ് സ്പെക്‌ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്പെക്‌ട്രം നൽകുന്നത്.

വിദേശ രാജ്യങ്ങളിൽ പലരും നേരത്തെ തന്നെ 5ജി ഉപയോഗത്തിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ലേലം നടപടികൾ പൂർത്തിയാക്കാതിരുന്നതുകൊണ്ട് ഇന്ത്യയിൽ 5ജി വിന്യസിക്കാൻ സാധിച്ചിരുന്നില്ല. ലേലം ഈ വർഷം നടക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലേല തീയതി വ്യക്തമാക്കിയിരുന്നില്ല.

എന്തായാലും കമ്പനികൾ വാക്ക് പാലിച്ചാൽ ഡിസംബറോടുകൂടി രാജ്യത്ത് 5ജി നിലവിൽ വരും. 5ജി പുതിയ തൊഴിൽ സാധ്യതകൾ തുറക്കുമെന്നും സാങ്കേതികവിദ്യാ രംഗത്ത് പുതുവിപ്ലവത്തിന് വഴിവെക്കുമെന്നുമാണ് പ്രവചനങ്ങൾ. മൊബൈൽ ഫോൺ വിപണിയിൽ ഇതിനകം 5ജി ഫോണുകൾ സജീവമാണ്.

Advertisement