പാറ്റ്ന: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാം ദിവസവും ബീഹാറിൽ വൻ പ്രതിഷേധം. വിവിധ ജില്ലകളിൽ റെയിൽ, റോഡ് ഗതാഗതം ആർമി ഉദ്യോഗാർത്ഥികൾ തടസ്സപ്പെടുത്തി.
ജെഹാനാബാദ്, ബക്‌സർ, നവാഡ എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. അറായിലെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
മുൻഗറിലെ സഫിയാബാദിൽ പ്രതിഷേധക്കാർ പട്‌ന-ഭഗൽപൂർ പ്രധാന റോഡ് ഉപരോധിച്ചു. നവാഡയിലെ പ്രജാതന്ത്ര ചൗക്കിൽ നൂറുകണക്കിന് യുവാക്കൾ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ജെഹാനാബാദിൽ വിദ്യാർത്ഥികൾ ഗയ-പട്‌ന റെയിൽവേ ട്രാക്ക് ഉപരോധിക്കുകയും റോഡിൽ ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇവിടെ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.
നവാഡയിലും പ്രതിഷേധം തുടരുകയാണ്. യുവാക്കൾ കിയുൽ-ഗയ റെയിൽവേ ലൈൻ സ്തംഭിപ്പിച്ചു. പ്രകോപിതരായ ചില വിദ്യാർത്ഥികൾ നവാഡ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ കേടുപാടുകൾ വരുത്തി. സഹർസയിലും അറാഹിലും കല്ലേറ് നടന്നു. അറായിൽ അക്രമാസക്തരായ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.