അ​ഗ്നിപഥ്: പ്രതിഷേധാഗ്നി’ പടരുന്നു; തെലങ്കാനയിൽ പൊലീസ് വെടിവയ്‌പ്; നിരവധി പേർക്ക് പരുക്ക്; മോഡിയുടെ മണ്ഡലത്തിലും പ്രതിഷേധം രൂക്ഷം

Advertisement

ഹൈദരാബാദ്: സൈന്യത്തിൽ നാല് വർഷത്തെ ഹ്രസ്വ നിയമനത്തിനായി പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ തെലങ്കാനയിലും കനത്ത പ്രതിഷേധം. സെക്കന്ദരാബാദിൽ മൂന്നു പാസഞ്ചർ ട്രെയിനുകൾക്ക് തീവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണസിയിലും കനത്ത പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. പ്രതിഷേധക്കാർ ബസുകൾ കത്തിച്ചു.

റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പുണ്ടായി. സംഭവത്തിൽ ചിലർക്ക് പരുക്കേറ്റതായാണ് ടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനുകൾക്ക് ഉള്ളിൽനിന്നു ചരക്കുസാധനങ്ങൾ പുറത്തേയ്ക്കു വലിച്ചിട്ട പ്രതിഷേധക്കാർ, ഇവ ട്രാക്കിലിട്ടു കത്തിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് സ്റ്റേഷൻ പരിസരത്തെ കടകൾ അടച്ചു.

ബിഹാറിൽ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണു ദേവിയുടെ വെസ്റ്റ് ചമ്പാരൻ ജില്ലയിലുള്ള വീടിനു നേരേ ആക്രമണമുണ്ടായി. മൊഹിദ്യുനഗറിൽ ജമ്മുതാവി എക്‌സ്പ്രസിന്റെ ബോഗികൾക്ക് തീവച്ചു. ഹാജിപുർ-ബറൗണി റെയിൽവേ ലൈനിൽ വച്ചുണ്ടായ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബെഗുസരായ് ജില്ലയിൽ, വിദ്യാർഥികൾ ട്രെയിനിനു നേരേ കല്ലെറിഞ്ഞു.

യുപിയിലെ ബലിയ ജില്ലയിൽ റെയിൽവേ സ്‌റ്റേഷനിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ ട്രെയിനും സ്‌റ്റേഷൻ പരിസരവും തകർത്തു. ഒരു ട്രെയിനിനു തീവച്ചു. ഹാജിപുരിൽ ട്രെയിൻ അടിച്ചുതകർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രതിഷേധക്കാർ ബസുകൾ തകർത്തു. മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പ്രതിഷേധം രൂക്ഷമാണ്. ഹരിയാനയിലെ പൽവാൾ ജില്ലയിൽ സംഘർഷാവസ്ഥയെ തുടർന്ന് 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കി.

‘അഗ്നിപഥ്’ പദ്ധതിയുടെ പ്രായപരിധി 21 വയസ്സായി നിശ്ചയിച്ചതിനെതിരെ ബിഹാർ, യുപി, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ജമ്മു, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഉദ്യോഗാർഥികൾ തെരുവിൽ നടത്തിയ പ്രതിഷേധം വൻ അക്രമങ്ങൾക്ക് ഇടയാക്കിയിരുന്നു. ബിഹാറിലെ ചപ്രയിൽ ഇന്നലെ ട്രെയിനിനു തീയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രായപരിധി 21 വയസ്സിൽനിന്ന് 23 ആയി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് തീരുമാനമുണ്ടായത്.

വ്യാഴാഴ്ച ബിഹാറിലാണ് പ്രതിഷേധം ഏറ്റവും അക്രമാസക്തമായത്. വിവിധയിടങ്ങളിൽ ട്രെയിനുകൾക്കു തീവച്ചു. നവാഡയിൽ കല്ലേറിൽ ബിജെപി എംഎൽഎ അരുണാദേവി ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. ഇവിടെ ബിജെപി ഓഫിസിനു തീവയ്ക്കുകയും ഒട്ടേറെ വാഹനങ്ങൾ അടിച്ചുതകർ‍ക്കുകയും ചെയ്തു. ബിഹാർ മേഖലയിൽ മാത്രം 22 ട്രെയിനുകൾ റദ്ദാക്കുകയും അഞ്ചെണ്ണം ഇടയ്ക്കുവച്ചു യാത്ര അവസാനിപ്പിക്കുകയും ചെയ്തു. രാജ്യത്താകെ 34 ട്രെയിനുകൾ പൂർണമായും എട്ടെണ്ണം ഭാഗികമായും റദ്ദാക്കി. 72 ട്രെയിനുകൾ വൈകി.

വിരമിച്ച സൈനികരും പ്രതിപക്ഷവും കൂടി രംഗത്തെത്തിയതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. സൈന്യം വിടുമ്പോൾ തുടർപഠനത്തിനുള്ള സഹായവും സ്വയംതൊഴിൽ വായ്പയും ലഭ്യമാക്കുമെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. പൊതുമേഖലാ ബാങ്കുകളിലും ഇൻഷുറൻസ് സ്ഥാപനങ്ങളിലും ജോലിക്കുള്ള സാധ്യത പരിശോധിക്കുമെന്നും അറിയിച്ചു.

കര, നാവിക, വ്യോമ സേനകളിൽ ഓഫിസർ ഇതര നിയമനങ്ങൾ (ജവാൻ, സെയ്‌ലർ, എയർ വോറിയർ) ഇനി ‘അഗ്നിപഥ്’ വഴി മാത്രമായിരിക്കും. ഉദ്യോഗാർഥികളുടെ ആശങ്ക: ഇതുവരെ 15 വർഷത്തേക്കായിരുന്നു നിയമനം; തുടർന്നു പെൻഷനും ലഭിക്കുമായിരുന്നു. ‘അഗ്നിപഥ്’ പദ്ധതിയിലാകട്ടെ 4 വർഷത്തെ സർവീസിനു ശേഷം 25% പേർക്കു മാത്രമേ തുടരാനാകൂ. ബാക്കി 75% പേർക്കു ജോലി നഷ്ടമാകും. ഇവർക്കു പെൻഷനില്ല. പകരം 11.71 ലക്ഷം രൂപ ലഭിക്കും.

സേനാംഗങ്ങളുടെ ആശങ്ക: ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കും. യുദ്ധസമാന സാഹചര്യങ്ങളിൽ ജീവൻ നൽകാൻ വരെ തയാറാകുന്ന സ്ഥിര നിയമനക്കാരുടെ പോരാട്ടവീര്യം, 4 വർഷത്തേക്കു മാത്രം സേവനത്തിനെത്തുന്നവരിൽനിന്നു ലഭിച്ചേക്കില്ല. ശരിയായ പരിശീലനം ലഭിക്കാത്തവരെ അതിർത്തിയിൽ നിയോഗിക്കുന്നത് സുരക്ഷയെ ബാധിക്കാം. പ്രതിപക്ഷ വിമർശനം: ആയുധ പരിശീലനം നേടിയ യുവാക്കൾ 4 വർഷത്തെ സേവനത്തിനു ശേഷം തൊഴിൽരഹിതരായി പുറത്തിറങ്ങുന്നത് സമൂഹത്തിനു തന്നെ ഭീഷണിയാകും

നിയമനങ്ങൾ ‘അഗ്നിപഥ്’ വഴിയാക്കിയതോടെ കേരളത്തിലും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പുറത്താകും. കരസേനയിൽ ജവാൻ (ജനറൽ ഡ്യൂട്ടി), ക്ലാർക്ക് തസ്തികകളിലേക്ക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഫിസിക്കൽ ടെസ്റ്റ് നടത്തിയിരുന്നു. എഴുത്തുപരീക്ഷ കോവിഡ് മൂലം നീട്ടിവച്ചു. കേരളത്തിലെ 2500 പേരുൾപ്പെടെ എഴുത്തുപരീക്ഷയ്ക്കു കാത്തിരിക്കുന്നതിനിടെയാണ്, നിയമനങ്ങൾ ‘അഗ്നിപഥ്’ വഴിയെന്ന പ്രഖ്യാപനമെത്തിയത്. എന്നാൽ, പ്രായപരിധി 23 വയസ്സാക്കി വർധിപ്പിച്ചത് ഇവരിൽ പലർക്കും ആശ്വാസമാകും.

Advertisement