ന്യൂഡൽഹി; ഇന്ത്യയില്‍ നിന്നുള്ള യുക്രൈനിലെയും ചൈനയിലെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത. കോവിഡും യുദ്ധവും മൂലം രാജ്യത്തേക്ക് തിരികെ വരാന്‍ നിര്‍ബന്ധിതരായ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈന്‍ വഴി തുടരുന്നത് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. പിന്നീട് വിദേശ മെഡിക്കല്‍ ബിരുദ പരീക്ഷ ഇവിടെ നടത്താനും കമ്മീഷന്‍ ആലോചിക്കുന്നുണ്ട്.
വിദേശ മെഡിക്കല്‍ പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ രണ്ട് വര്‍ഷം നിര്‍ബന്ധിത റോട്ടേറ്റിംഗ് ഇന്റണ്‍ഷിപ്പും ഉണ്ടാകും. .ഇത്തരമൊരു നിര്‍ദ്ദേശം കമ്മീഷന്‍ ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു.
ഇന്റണ്‍ഷിപ്പിന്റെ കാലാവധി ഇരട്ടിയാക്കുക വഴി ക്ലിനിക്കല്‍, പ്രാക്ടിക്കല്‍ പരിശീലനത്തിന്റെ അഭാവം പരിഹരിക്കാനാകുമെന്നും വിലയിരുത്തുന്നു. അതേസമയം ആദ്യ -രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയില്ല. അത് കൊണ്ട് തന്നെ ഇവര്‍ നീറ്റ് പരീക്ഷ പാസായി ഇന്ത്യയിലെ കോളജുകളില്‍ പ്രവേശനം തേടാനാണ് നിര്‍ദ്ദേശം. അതേസമയം സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം അംഗീകരിക്കാനാകാത്ത വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയി പഠനം തുടരാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യ, കസാഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റൊമാനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ ഇതിനകം തന്നെ സമ്മതം അറിയിച്ചിട്ടുണ്ട്. ചൈന, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി ഇതിനകം 40,000 വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയതായാണ് റിപ്പോര്‍ട്ട്.
വിദേശ മെഡിക്കല്‍ സര്‍വകലാശാലകളിലെ പഠനം ഇന്ത്യയുടേതിന് തത്തുല്യമല്ലെന്ന് എന്‍എംസി പറയുന്നുണ്ടെങ്കിലും ഈ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍ക്കൊള്ളാന്‍ തക്ക സൗകര്യങ്ങള്‍ രാജ്യത്തെ കോളജുകള്‍ക്ക് ഇല്ലെന്നും ചൂണ്ടിക്കാട്ടുന്നു.