ന്യൂഡൽഹി: അമ്മയുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച് സുഹൃത്തിനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ബാല്യകാല സുഹൃത്തായ അബ്ബാസിനെ കുറിച്ചാണ് കുറിപ്പിൽ മോദി പറഞ്ഞത്. അബ്ബാസ് എന്ന വാക്ക് ട്വിറ്ററിലും ട്രെൻഡായി. കുറിപ്പ് ഇങ്ങനെ: ”മറ്റുള്ളവരുടെ ആഹ്ലാദങ്ങളിൽ അമ്മ സന്തോഷം കണ്ടെത്തിയിരുന്നു.
ഞങ്ങളുടെ വീട് ചെറുതായിരുന്നെങ്കിലും അവരുടെ ഹൃദയം വിശാലമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിനടുത്ത് അച്ഛന്റെ സുഹൃത്ത് താമസിച്ചിരുന്നു. അപ്രതീക്ഷമായുള്ള അദ്ദേഹത്തിന്റെ മരണശേഷം എന്റെ അച്ഛൻ സുഹൃത്തിന്റെ മകൻ, അബ്ബാസിനെ വീട്ടിൽ കൊണ്ടുവന്നു. ഞങ്ങൾക്കൊപ്പം താമസിച്ചാണ് അവൻ പഠനം പൂർത്തിയാക്കിയത്.
ഞങ്ങൾ സഹോദരങ്ങളോടെന്ന പോലെ അമ്മയ്ക്ക് അവനോട് വാത്സല്യവും കരുതലുമുണ്ടായിരുന്നു. എല്ലാ വർഷവും പെരുന്നാളിൽ അമ്മ അവന് ഇഷ്ടപ്പട്ട ഭക്ഷണം പാചകം ചെയ്തു കൊടുത്തു. ആഘോഷങ്ങളിൽ അടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാം ഞങ്ങളുടെ വീട്ടിലെത്തി അമ്മയുടെ പ്രത്യേക വിഭവങ്ങൾ ആസ്വദിക്കുമായിരുന്നു”- മോദി കുറിച്ചു.