കൊച്ചി: സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്രതാരം ഐശ്വര്യ രംഗത്ത് എത്തിയത് കഴിഞ്ഞ ദിവസമാണ്. ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴാണ് മലയാളികളുടെ പ്രിയ താരം ഐശ്വര്യയുടെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്.
സോപ്പ് വിറ്റാണ് ഇന്ന് ഐശ്വര്യ ജീവിക്കുന്നത്.ഒരു കാലത്ത് സിനിമയിൽ നിറഞ്ഞു നിന്ന ഐശ്വര്യയയ്ക്ക് പെട്ടെന്ന് ഇത് എന്ത് സംഭവിച്ചുവെന്നാണ് ആരാധകരുടെ സംശയം,
ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ് നടി. സിനിമയിൽ അധികമൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്.’ആകെ മൂന്ന് വർഷമാണ് കരിയറിൽ തിളങ്ങിയത്. സിനിമയിൽ ക്ലിക്കായി വന്നപ്പോഴേയ്ക്കും വിവാഹം കഴിഞ്ഞു. പിന്നെ മൂന്ന് വർഷത്തിന് ശേഷമാണ് തിരികെ എത്തുന്നത്. അപ്പോഴേയ്ക്കും തേടി എത്തുന്നതെല്ലാം അമ്മ വേഷങ്ങളായി.
‘നയൻതാരയെ പോലെ ഗംഭീരറോളുകളൊന്നും നമുക്ക് ലഭിച്ചിരുന്നില്ല. തിരിച്ച് വന്നതിന് ശേഷവും മൂന്ന് വർഷത്തിന് ശേഷമാണ് ഒരു സിനിമ ലഭിച്ചത്. അങ്ങനെയുളള സാഹചര്യത്തിൽ എങ്ങനെ സമ്പാദിച്ച് വയ്ക്കാനാണ്’; ഐശ്വര്യ ചോദിക്കുന്നു.ആകെ മൂന്ന് വർഷമാണ് എന്റെ കരിയർഗ്രാഫ്. എല്ലാവരും എന്റെ സമ്പാദ്യത്തെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് നേടിയതെല്ലാം അപ്പോൾ തീർന്ന് പോയി എന്നും താരം പറയുന്നു.
‘മദ്യപിച്ചും ധൂർത്തടിച്ചുമല്ല സമ്പാദ്യം നഷ്ടപ്പെട്ടത്. മദ്യപാന ശീലം തനിക്കുണ്ടായിരുന്നു. പക്ഷെ പണം പോയത അങ്ങനെയല്ല. എന്റെ ആവശ്യങ്ങൾക്ക് വേണ്ടി തന്നെയാണ് പണം ചെലവാക്കിയത്’.എന്റെ മകൾക്ക് ജീവിതത്തിൽ നല്ലത് നൽകണമെന്നായിരുന്നു എന്റെ ചിന്ത. കൂടാതെ എന്റെ അമ്മൂമ്മയ്ക്ക് ക്യൻസറായിരുന്നു. ഞാനാണ് നോക്കിയത്’.
‘കൂടാതെ ആ നല്ല കാലത്ത് ഞാൻ ഷോപ്പിംഗ് ഹോളിക്കായിരുന്നു. മാച്ചിങ് ബാഗും മാച്ചിങ് ഷൂസും മാത്രമേ ധരിക്കാറുള്ളൂ. ഒരിക്കൽ ഇട്ട ഡ്രസ്സ് പിന്നീട് ഇടാനും സാധിയ്ക്കില്ലായിരുന്നു, കാരണം അപ്പോൾ തന്നെ ഫോട്ടോകൾ എല്ലാം എടുത്ത് എല്ലായിടത്തും വന്ന് കഴിഞ്ഞു കാണും’; ഐശ്വര്യ പറയുന്നു.
ഇപ്പോൾ സോപ്പ് വിൽപ്പനയ്ക്ക് പുറമേ യൂട്യൂബിൽ നിന്നും ഇപ്പോൾ വരുമാനം ലഭിക്കുന്നുണ്ട്. പക്ഷെ അത് കൃത്യമായി ലഭിക്കാറില്ല. മകൾക്കും അമ്മയ്ക്കും ഭാരമാവരുതെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് അവരോട് പോയി കഷ്ടപ്പാടുകൾ പറയാറില്ല. ഞാൻ പൊരുതി ജീവിക്കുന്നതിനാൽ മകൾക്ക് എന്നെ കുറിച്ച് അഭിമാനമാണ്’ എന്നും ഐശ്വര്യ പറഞ്ഞവസാനിപ്പിച്ചു.