അപ്രതീക്ഷിതം, അത്ഭുതം.. രാഷ്ട്രപതി സ്ഥാനാർഥിത്വത്തെ കുറിച്ച് ദ്രൗപതി മുർമു

Advertisement

റായ്‌രംഗ്പുർ: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനം അപ്രതീക്ഷിതമെന്ന് ദ്രൗപദി മുർമു. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നുവെന്ന കാര്യം ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. അത്ഭുതവും സന്തോഷവുമുണ്ട്. മയൂർബഞ്ചൽ നിന്നുള്ള ഒരു ആദിവാസി സ്ത്രീയാണ് ഞാൻ. ഇത്രയും ഉയർന്ന സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എല്ലാവരുടേയും വിശ്വാസം, എല്ലാവരുടേയും പിന്തുണ എന്ന മുദ്രാവാക്യം എൻഡിഎ സർക്കാർ വീണ്ടും പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ്. ഈ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഗവർണർ ആയതിനു ശേഷം ആറ് വർഷത്തിലേറെയായി ഒരു രാഷ്ട്രീയപരിപാടികളിലും താൻ പങ്കെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.

ഇലക്ടറൽ കോളേജിൽ 2.8 ശതമാനത്തോളം വരുന്ന ബിജെഡി പ്രതിനിധികളുടെ പിന്തുണ ലഭിക്കുമോ എന്ന ചോദ്യത്തിന് എല്ലാവരുടേയും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയെന്നാണ് മുർമു പ്രതികരിച്ചത്. ഈ മണ്ണിന്റെ പുത്രിയാണ് ഞാൻ. അതിനാൽ പാർട്ടിഭേദമന്യേ ഒഡിഷയിലെ എല്ലാ എംപിമാരുടേയും എംഎൽഎമാരുടേയും പിന്തുണ ഉണ്ടാവുമെന്നാണ് തന്റെ ശുഭപ്രതീക്ഷ. ഒഡിയക്കാരി എന്ന നിലയിൽ ഇവിടെയുള്ള എല്ലാവരുടേയും പിന്തുണ തേടാൻ തനിക്ക് അവകാശമുണ്ടെന്നും ദ്രൗപദി മുർമു പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ന് രാവിലെ ദ്രൗപദി ഒഡിഷയിലെ റായ്ര​ഗ് പൂരിലെ ക്ഷേത്രത്തിലെത്തി സ്വയം ക്ഷേത്രം അടിച്ച് വാരിയ ശേഷം ദർശനം നടത്തി.

ആദിവാസി ഗോത്രമായ സാന്താൾ വിഭാഗത്തിലാണ് ദ്രൗപദി മുർമുവിന്റെ ജനനം. ഭുവനേശ്വറിലെ രമാദേവി വനിതാ സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസം നേടിയ മുർമു അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1997-ൽ റായ്‌റംഗ്പുരിൽ നഗരസഭാ കൗൺസിലർ തിരഞ്ഞെടുപ്പിൽ ജയിച്ചു. നഗരസഭാ ചെയർപേഴ്‌സണായും പ്രവർത്തിച്ചു. റായ്‌റംഗ്പുർ മണ്ഡലത്തിൽനിന്ന് രണ്ടുതവണ ബി.ജെ.പി. ടിക്കറ്റിൽ എം.എൽ.എ. ആയി. 2000-ത്തിൽ നിയമസഭയിലെത്തിയ മുർമു ബി.ജെ.പി.-ബി.ജെ.ഡി. കൂട്ടുകക്ഷി സർക്കാരിൽ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകൾ കൈകാര്യംചെയ്തു. പാർട്ടിക്കുള്ളിലും ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. 1997-ൽ ബി.ജെ.പി.യുടെ എസ്.ടി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതൽ 2015 വരെ എസ്.ടി. മോർച്ചയുടെ ദേശീയ നിർവാഹക സമിതിയംഗമായിരുന്നു.

ദ്രൗപദി മുർമുവിന്റെ രാഷ്ട്രപതി സ്ഥാനാർഥി വാർത്ത പുറത്തുവന്നതോടെ ഒഡിഷയിലും മയൂർബഞ്ച് ജില്ലയിലും ആഘോഷമാണ്. നാട്ടുകാരും പാർട്ടിപ്രവർത്തകരും അഭിനന്ദനങ്ങളുമായി ദ്രൗപദി മുർമുവിന്റെ വീട്ടിലെത്തി. സാന്താൾ സമുദായത്തിൽപ്പെട്ടവർ പരമ്പരാഗത സംഗീതോപകരണങ്ങളുമായാണ് ആഘോഷിച്ചത്.

രാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്രം ദ്രൗപദി മുർമുവിന് ‘ഇസഡ് പ്ലസ്’ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേന്ദ്രം നൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സുരക്ഷയാണ് ‘ഇസഡ് പ്ലസ്’.