ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപികരിച്ചേക്കും

Advertisement

മുംബൈ: മഹാരാഷ്ട്രയിലെ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപികരിച്ചേക്കും. ശിവസേന ബാലാസാഹെബ് താക്കറെ എന്നായിരിക്കും പേരെന്നാണ് റിപ്പോർട്ട്. ഷിൻഡെയുടെ താനെയിലെ വസതിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിമത എംഎൽഎമാരുടെ കുടുംബാംഗങ്ങളുടെ ജീവൻ ഭീഷണിയിലാണെന്ന് ഏക്നാഥ് ഷിൻഡെ നേരത്തെ പറഞ്ഞിരുന്നു. വിമത നീക്കത്തെ തുടർന്നുള്ള പ്രതികാര നടപടിയായി കുടുംബാംഗങ്ങൾക്കുള്ള സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചെന്നായിരുന്നു ഷിൻഡെയുടെ ആരോപണം. എന്നാൽ അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നും ആരോപണം വ്യാജമെന്നും ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പാട്ടീൽ പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്ക് ആഭ്യന്തര വകുപ്പ് അതിജാഗ്രതാ നിർദ്ദേശം നൽകിയത് ഇന്നലെയാണ്. എന്നാൽ സർക്കാർ സ്പോൺസേഡ് ആക്രമണമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി എന്നിവർക്ക് കത്തെഴുതിയത്. വിമത എംഎൽഎമാരുടെ കുടുംബാംഗങ്ങളുടെ സുരക്ഷ റദ്ദാക്കി. മുംബൈയിലെത്തിയാൽ കൈകാര്യം ചെയ്യുമെന്ന് മുതിർന്ന സേനാ നേതാവ് സഞ്ജയ് റാവത്ത് തന്നെ ഭീഷണിപ്പെടുത്തുന്നു. സിദ്ദുമൂസെവാലെയുടെ അനുഭവം ഓ‍ർക്കണമെന്നും എംഎൽഎമാർ ഒപ്പിട്ട കത്തിൽ പറയുന്നു.

എന്നാൽ അങ്ങനെ ആരുടേയും സുരക്ഷ പിൻവലിച്ചിട്ടില്ലെന്നും നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പാട്ടീൽ പറഞ്ഞു. എംഎൽഎമാരെപോലെ കുടുംബാംഗങ്ങൾക്കും സുരക്ഷ വേണമെന്ന് വാശി പിടിക്കാനാവുമോ എന്നായിരുന്നു സഞ്ജയ് റാവത്തിൻറെ പ്രതികരണം. അതേസമയം രാഷ്ട്രീയപാർട്ടികളുടെ ജാഥകൾക്കും പൊതുയോഗങ്ങൾക്കും വിലക്കേർപ്പെടുത്തി.

Advertisement