സംസ്ഥാന വരുമാനത്തിന്റെ 90ശതമാനവും ചെലവിടുന്നത് ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും

Advertisement

തിരുവനന്തപുരം: സംസ്ഥാന വരുമാനത്തിന്റെ 90 ശതമാനവും ചെലവാകുന്നത് ശമ്പളം അടക്കമുള്ള ദൈനം ദിന ചെലവുകള്‍ക്കെന്ന് റിപ്പോര്‍ട്ട്. റവന്യൂ ചെലവുകള്‍ക്കായി വരുമാനത്തിന്റെ സിംഹഭാഗവും നീക്കി വയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ശമ്പളം, പെന്‍ഷന്‍ അടക്കമുള്ള ചെലവുകള്‍ക്കായി വരുമാനത്തിന്റെ 90 ശതമാനവും ചെലവിടുന്നതോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കാന്‍ സംസ്ഥാനത്ത് ഒന്നുമില്ലാത്ത സ്ഥിതിയാണ്. ഇത് കടം എടുക്കലിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്നു.

കേരളത്തെ കൂടാതെ രാജസ്ഥാന്‍, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും വരുമാനത്തിന്റെ 90 ശതമാനവും റവന്യൂ ചെലവുകള്‍ക്ക് നീക്കി വയ്ക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ മൊത്തം വരുമാനത്തിന്റെ പകുതിയും കേരളം അടക്കമുള്ള പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഹരിയാന, ആന്ധ്രാ, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, പഞ്ചാബ്, കേരളം എന്നിവയാണ് ആ സംസ്ഥാനങ്ങള്‍.വരുമാനത്തെ പോലെ തന്നെ ചെലവിലും ഈ സംസ്ഥാനങ്ങള്‍ തന്നെയാണ് മുന്നില്‍. രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളുടെ ചെലിന്റെ പകുതിയും ഈസംസ്ഥാനങ്ങള്‍ തന്നെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.