നദി മുറിച്ച് കടക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടുപോയ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മയാനയാണ് വീഡിയോയിൽ. അതിൽ ആനക്കൂട്ടം നദി മുറിച്ച് കടക്കുകയും അതിനിടയിൽ കുഞ്ഞ് ഒഴുക്കിൽ പെടുന്നതും കാണാം. എന്നാൽ, അമ്മയാന കൂട്ടരോടൊപ്പം പോകാതെ കുഞ്ഞിനെ രക്ഷിക്കാൻ നിൽക്കുകയാണ്.
ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആനക്കുട്ടി നിൽക്കാനാവാതെ ആടുന്നത് കാണാം. പൊടുന്നനെ കുഞ്ഞ് ഒഴുക്കിൽപ്പെടുന്നതും അമ്മയാന ഉടനെ തന്നെ അവളുടെ കുഞ്ഞിനെ പിന്തുടരുകയും തുമ്പിക്കൈ കൊണ്ട് അതിനെ പിടിച്ചു കയറ്റാൻ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
ആനയും ആനക്കുട്ടിയും രക്ഷപ്പെട്ട് കരയിലെത്തുന്നതുവരെ ബാക്കിയുള്ള ആനക്കൂട്ടം കരയിൽ അവരെ കാത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം. ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്‍വാനാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
‘ഇന്ന് നിങ്ങൾ കാണുന്ന മനോഹര ദൃശ്യം. ഒഴുക്കിൽ പെട്ട കുഞ്ഞിനെ രക്ഷിക്കുന്ന അമ്മയാന. വടക്കൻ ബംഗാളിലെ നഗ്രകട്ടയ്ക്ക് സമീപമാണ് വീഡിയോ ചിത്രീകരിച്ചത്’ എന്ന് കാപ്ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ പതിനായിരത്തിലധികം പേർ വീഡിയോ കണ്ടു.
നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. ‘ആ കുഞ്ഞിനെ ശരിക്കും രക്ഷപ്പെടുത്തിയോ എന്നറിയാൻ ഞാൻ വീഡിയോ നാല് തവണ കണ്ടു’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
‘സ്നേഹവും കരുതലും കാണിക്കാൻ എത്ര നല്ല വഴി. ഒരു അമ്മ തന്റെ കുഞ്ഞിനെ രക്ഷിക്കുന്നു’ എന്നാണ് മറ്റൊരാൾ എഴുതിയിരിക്കുന്നത്. ‘ഹൃദയത്തെ സ്പർശിക്കുന്ന വീഡിയോ’ എന്നും കമന്റ് ചെയ്തിട്ടുണ്ട്