വാണിജ്യ വാഹനങ്ങള്‍ക്കും സ്റ്റാര്‍ റേറ്റിംഗ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

Advertisement

ന്യൂഡല്‍ഹി: ട്രക്കുകള്‍ പോലുള്ള വാണിജ്യ വാഹനങ്ങള്‍ക്കും സ്റ്റാര്‍ റേറ്റിംഗ് ഏര്‍പ്പെടുത്തണമെന്ന് ഡൈയ്മ്ലര്‍ ഇന്ത്യ കോമേഴ്‌സ്യല്‍ വെഹിക്കിള്‍സ് സിഇഒ സത്യം ആര്യ.

എന്ത് കൊണ്ടാണ് വാണിജ്യ വാഹനങ്ങളെ പുതിയ റേറ്റിംഗ് സംവിധാനമായ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം(എന്‍സിഎവിപി)മില്‍ ഉള്‍പ്പെടുത്താത് എന്നും അദ്ദേഹം ചോദിച്ചു. ട്രക്ക് ഡ്രൈവര്‍മാര്‍ സുരക്ഷിത റോഡിന് അര്‍ഹരല്ലേയെന്നും അദ്ദേഹം ആരാഞ്ഞു. ഇന്റല്‍ ഇന്ത്യ സംഘടിപ്പിച്ച സേഫ്റ്റി പൈനീയേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂജ്യം അപകടമരണം എന്ന ലക്ഷ്യത്തിലൂന്നിയുള്ള റോഡ് സുരക്ഷാ പദ്ധതി വാണിജ്യ വാഹനങ്ങള്‍ക്ക് പ്രാഥമികമായി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാംഘട്ടത്തില്‍ അപകടരഹിത റോഡുകള്‍ എന്ന പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞാഴ്ചയാണ് യാത്രാ വാഹനങ്ങള്‍ക്കായി പൂജ്യം മുതല്‍ അഞ്ച് വരെയുള്ള നക്ഷത്ര റേറ്റിംഗ് സംവിധാനം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചത്. എട്ട് സീറ്റുവരെയുള്ള വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റില്‍ അവയുടെ പ്രകടനം വിലയിരുത്തിയാകും റേറ്റിംഗ് നല്‍കുക. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷിതത്വം വിലയിരുത്തി ഉപയോക്താക്കള്‍്ക്ക് വാഹനങ്ങള്‍ തെരഞ്ഞെടുക്കാനാകും. 2023 ഏപ്രില്‍ മുതലാകും ഈ പദ്ധതി നടപ്പാക്കുക.

Advertisement