നൂപുർ ശർമയെ പിന്തുണച്ച ആളെ തലയറുത്ത് കൊന്നു; രാജസ്ഥാനിൽ സംഘർഷാവസ്ഥ

Advertisement

ജയ്പുർ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ചതിന്റെ പേരിൽ രാജസ്ഥാനിൽ കടയുടമയെ തലയറുത്ത് കൊന്നു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. തയ്യൽ കടക്കാരനായ കനയ്യ ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് സമാധാനത്തിന് ആഹ്വാനം ചെയ്തു.

‘വളരെ ദുഃഖകരമായ സംഭവമാണ്. അതൊരു ചെറിയ സംഭവമല്ല, സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ് സംഭവിച്ചത്. കുറ്റവാളികൾ രക്ഷപ്പെടില്ല’, ഗെഹലോട്ട് പറഞ്ഞു.

ഉദയ്പുരിലെ മാൽദാസ് തെരുവിൽ പട്ടപ്പകലാണ് കൊലപാതകം നടന്നത്. രണ്ടു യുവാക്കൾ ചേർന്നാണ് തയ്യൽ കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാൾ ദിവസങ്ങൾക്ക് മുമ്പ് നുപൂർ ശർമയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം.

കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

വിവാദ സാമൂഹിക മാധ്യമ പോസ്റ്റുകളെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട കടയുടമയെ നേരത്തെ പോലീസ് ചോദ്യംചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.

കൊലപാതകം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും രാജസ്ഥാൻ പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ തെരുവിലിറങ്ങി. ഇതേ തുടർന്ന് പ്രദേശത്തെ കടകൾ പോലീസ് അടപ്പിച്ചിട്ടുണ്ട്. ഉദയ്പുരിൽ 24 മണിക്കൂർ ഇന്റർനെറ്റ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement