അറസ്റ്റ് : പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ക്യാമറ ഘടിപ്പിക്കണമെന്ന് കോടതി

Advertisement

ബംഗളുരു: അറസ്റ്റിന് നിയോഗിക്കുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ശരീരത്തില്‍ ക്യാമറ ഘടിപ്പിക്കണമെന്ന് കര്‍ണാടക പൊലീസ് മേധാവിക്ക് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചെക്കു കേസില്‍ പ്രതിയായ ആളെ നിയമവിരുദ്ധമായി കയ്യാമം വച്ച് കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഹൈക്കോടതി ഇടപെടല്‍.

ക്യാമറയില്‍ മൈക്രോഫോണ്‍ ഘടിപ്പിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അറസ്റ്റ് സമയത്ത് നടക്കുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടിയാണ് ഇത്. അറസ്റ്റ് നടക്കുന്ന സമയം മുതല്‍ ഒരു വര്‍ഷം വരെ ഈ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും ശബ്ദവും സൂക്ഷിച്ചിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്യാമറ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ബെലഗാവി ജില്ലയിലെ മുപ്പതുകാരനായ സുപ്രീത് ഇഷവാത് ദിവാതെയുടെ പരാതിയിലാണ് നടപടി. ഇദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവുണ്ട്. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി.

Advertisement