തലസ്ഥാനത്ത് ബലാത്സംഗം-പീഡനം-തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്

Advertisement

ന്യൂഡൽഹി: ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ റെക്കോഡിട്ട് രാജ്യതലസ്ഥാനം.

ഈ വർഷം ജൂൺ 15 വരെ 962 പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1100 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ 15 വരെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തതാകട്ടെ 833 കേസുകളും. അറസ്റ്റിലായതാകട്ടെ 926 പേരും.

11 ശതമാനത്തിന്റെ വർധനയാണ് കേസുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 1271 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കഴിഞ്ഞവർഷം ഇതേസമയത്ത് 1022 കേസുകളാണുണ്ടായിരുന്നത്.

തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഈ വർഷം ഇതുവരെ 1909 കേസുകൾ റിപ്പോർട്ട് ചെയ്തു. 150 പേരെ അറസ്റ്റ് ചെയ്തു. കേസുകളിൽ ഏകദേശം ഒൻപത് ശതമാനം വർധനയുണ്ട്. ഈ വർഷം 2256 ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത് 1712 ആയിരുന്നു. ഈ വർഷം 1543 പേരെ അറസ്റ്റ് ചെയ്തപ്പോൾ കഴിഞ്ഞവർഷം അറസ്റ്റിലായത് 965 പേരാണ്.

പൂവാലശല്യവുമായി ബന്ധപ്പെട്ട് ഈ വർഷം 192 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇത് 192 ആയിരുന്നു. പൂവാല ശല്യകേസുകളിൽ കഴിഞ്ഞവർഷം 227 പേരും ഈ വർഷം 212 പേരും അറസ്റ്റിലായി. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ആകെ ഈ വർഷം റിപ്പോർട്ട് ചെയ്തത് അഞ്ച് കേസുകളാണ്. കഴിഞ്ഞവർഷം ഇത് ഏഴായിരുന്നു. കഴിഞ്ഞ വർഷവും ഈ വർഷവും ഈ കേസിൽ നാല് അറസ്റ്റാണുണ്ടായിരിക്കുന്നത്.

ഹെൽപ് ലൈൻ നമ്പർ ഉൾപ്പടെയുള്ള സംവിധാനങ്ങൾ പോലീസ് നടപ്പാക്കിയിട്ടും രാജ്യതലസ്ഥാനത്തെ സ്ത്രീകൾക്ക് ജീവനുറപ്പിച്ച്‌ നടക്കാനും ജീവിക്കാനുമാവില്ല എന്നതാണ് കണക്കുകൾ തെളിയിക്കുന്നതെന്ന് ജനങ്ങൾ പറയുന്നു. വിവാദങ്ങളുണ്ടായിട്ടുപോലും സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നതാണ് സുരക്ഷ ഉറപ്പാക്കേണ്ട ഡൽഹി പോലീസിന്റെ റിപ്പോർട്ട്തന്നെ പറയുന്നത്. തെക്കൻ ഡൽഹിയിലെ അതിസമ്പന്ന മേഖലയിൽമാത്രം ദിവസവും രണ്ട് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നാണ് പോലീസിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

സ്ത്രീകൾക്കുനേരെയുള്ള കുറ്റകൃത്യങ്ങളിൽ വർധനയുണ്ടായിട്ടുണ്ടെങ്കിലും കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ് കേസിലെ വർധനയ്ക്ക് കാരണമെന്ന് ഡൽഹി പോലീസ് പ്രതികരിച്ചു. 2021ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കേസുകളിൽ നടപടിയെടുക്കുകയും പ്രതികൾ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ സഹായിക്കാൻ വനിതാ ജീവനക്കാരുള്ള പിങ്ക് ബൂത്തുകൾ ഉൾപ്പെടെ സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് വിവിധ സംരംഭങ്ങൾ സ്വീകരിച്ചതായി ഡൽഹി പോലീസ് അവകാശപ്പെട്ടു. ആവശ്യമായ നിയമ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലും സ്‌കൂളുകൾക്കും കോളേജുകൾക്കും പുറത്ത് വനിതാ പട്രോളിങ് സംഘത്തെ നിയമിച്ചിട്ടുണ്ട്.