രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേൽ ജേതാവ് അമർത്യാ സെൻ

Advertisement

ന്യൂഡൽഹി: രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേൽ ജേതാവ് അമർത്യാ സെൻ. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളിൽ ആശങ്കയുണ്ടെന്നും മനുഷ്യർ ഐക്യമുണ്ടാകാൻ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെയോ ജാതിയുടെയോ പേരിൽ വിവേചനം കാണിക്കരുതെന്നും സെൻ പറഞ്ഞു.
‘എന്തിനെയെങ്കിലും കുറിച്ച്‌ പേടിയുണ്ടോ എന്ന ചോദ്യത്തിന് എന്റെ ഉത്തരം ‘ഉണ്ട്’ എന്നായിരിക്കും. ഇപ്പോൾ ഭയപ്പെടാൻ ഒരു കാരണമുണ്ട്. നിലവിൽ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളാണ് ആ ഭയത്തിന് കാരണം,’ സെൻ പറഞ്ഞു.
അമർത്യ റിസർച്ച്‌ സെന്ററിന്റെ ഉദ്ഘാടന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എനിക്ക് ഈ രാജ്യം ഐക്യത്തോടെ നിൽക്കണം എന്നാണ് ആഗ്രഹം. ചരിത്രപരമായി സ്വതന്ത്ര ചിന്താഗതിയുള്ള രാജ്യത്ത് മനുഷ്യർക്കിടയിൽ ചേരിതിരിവിന്റെ ആവശ്യമില്ല,’ സെൻ കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്ക് ഹിന്ദു രാഷ്ട്രമായോ, മുസ്‌ലിം രാഷ്ട്രമായോ നിലയുറപ്പിക്കാൻ സാധിക്കില്ലെന്നും മനുഷ്യരെല്ലാം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയ്ക്ക് ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമാകാനോ, മുസ്‌ലിം രാഷ്ട്രമാകാനോ കഴിയില്ല. എല്ലാവരും കൂട്ടായി പ്രവർത്തിക്കണം,’ സെൻ പറഞ്ഞു. മോദി സർക്കാർ അധികാരത്തിലെത്തിയതിൽ പിന്നെ രാജ്യത്ത് ചേരിതിരിവും മതപരമായ കലാപങ്ങളും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് അമർത്യാ സെന്നിന്റെ പ്രതികരണം.

Advertisement