ഹൈദരാബാദ്: ഓണ്‍ലൈന്‍ വായ്പ ആപ്പുകളെ നിരോധിക്കണമെന്ന് ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ് ഗൂഗിളിനോട് വീണ്ടും ആവശ്യപ്പെട്ടു. 221 ആപ്പുകള്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഇവ നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഗൂഗിളിന് മുന്നില്‍ വച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ വഴി നിരവധി ചതികളും അപമാനിക്കലും നടക്കുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 221 ആപ്പുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് ബോധ്യമായതായും പൊലീസിന്റെ സൈബര്‍ വിഭാഗം അറിയിച്ചു. ഇവയില്‍ പലതും വ്യാജവുമാണ്.
ഇത്തരം വ്യാജ ആപ്പുകള്‍ നിര്‍മ്മിച്ച് ഇവ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇടുകയാണ് ചെയ്യുന്നത്. ഇത് ശരിയായതാണെന്ന കരുതി ഉപയോക്താക്കള്‍ ഇവ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. രണ്ട് ദിവസം മുമ്പും പൊലീസ് ഗൂഗിളിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. ഇവ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും കത്തില്‍ വ്യക്തമാക്കിയിരുന്നു.