അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപ കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്ത ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദ്, മുൻ ഡി.ജി.പി ആർ.ബി.ശ്രീകുമാർ എന്നിവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് ഇരുവരെയും അഹ്മദാബാദ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് എസ്.പി.പട്ടേൽ മുമ്പാകെ ഹാജരാക്കിയിരുന്നു. തുടർന്നാണ് നടപടി.
പൊലീസ് കൂടുതൽ കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ലെന്ന് സ്‍പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അമിത് പട്ടേൽ പറഞ്ഞു. കഴിഞ്ഞ ശനി, തിങ്കൾ ദിവസങ്ങളിലായാണ് ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസിൽ ഉൾപ്പെടുത്തിയ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ട്രാൻസിറ്റ് വാറന്റിൽ അഹ്മദാബാദിൽ എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെടുത്തിയ അദ്ദേഹം ബനസ്കന്ദ ജില്ലയിലെ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.