വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് ഇന്ത്യാക്കാര്‍ക്ക് ഇനി മുതല്‍ പ്രതിവര്‍ഷം പത്ത് ലക്ഷം രൂപ വരെ സ്വീകരിക്കാം

Advertisement

ന്യൂഡല്‍ഹി: ഇനി മുതല്‍ ഇന്ത്യാക്കാര്‍ക്ക് അധികൃതരുടെ അനുമതിയില്ലാതെ തന്നെ വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് പ്രതിവര്‍ഷം പത്ത് ലക്ഷം രൂപ വരെ സ്വീകരിക്കാം. നേരത്തെ ഈ പരിധി ഒരു ലക്ഷം ആയിരുന്ന

വിദേശ സംഭാവന നിയമത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചില ഭേദഗതികള്‍ വരുത്തിയതോടെയാണ് ഇത്തരം ഒരു അവസരം ഉണ്ടായിട്ടുള്ളത്. ഇതില്‍ കൂടുതല്‍ പണം സ്വീകരിച്ചാല്‍ മൂന്ന് മാസത്തിനകം അധികൃതരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നേരത്തെ ഈ കാലയളവ് ഒരുമാസമായിരുന്നു.

രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിന് ശേഷമേ സംഘടനകള്‍ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതിയുള്ളൂ. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന സംഘടനകള്‍ ഇതിന്റെ കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

സംഭാവന സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കോ വ്യക്തികള്‍ക്കോ വിലാസത്തിനോ മാറ്റമുണ്ടായലും ആഭ്യന്തര മന്ത്രാലയത്തെ 45 ദിവസത്തിനകം അറിയിച്ചിരിക്കണം.

ബന്ദ്, ഹര്‍ത്താല്‍ പോലുള്ള സമരങ്ങളില്‍ പങ്കെടുക്കുന്ന എന്‍ജിഒകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെങ്കിലും ഇവ രാഷ്ട്രീയ സ്വഭാവമുള്ള സംഘടനകളായി കണക്കാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക സംഘടനകള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, തൊഴിലാളി, മതസംഘടനകള്‍ എന്നിവയും ഈ വിഭാഗത്തില്‍ പെടുത്തും.

വിദേശത്ത് നിന്നുള്ള സംഭാവനകളില്‍ 20 ശതമാനത്തില്‍ കൂടുതല്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനാകില്ലെന്നും ഭേദഗതി ചെയ്ത നിയമം വ്യക്തമാക്കുന്നു. നേരത്തെ ഇത് അന്‍പത് ശതമാനമായിരുന്നു.

Advertisement