ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം പള്ളികളില്‍ ഒന്നായ മെക്ക മസ്ജിദിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ മുടങ്ങി. നിര്‍ദ്ദിഷ്ട സമയത്തിനുള്ള നിര്‍മ്മാണം പൂര്‍ത്തികരിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
പൈതൃക വകുപ്പില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും വിദഗ്ദ്ധരെ ലഭിക്കാത്തതാണ് നവീകരണം വൈകാന്‍ കാരണം. പൈതൃക നിര്‍മ്മിതികളില്‍ വൈദ്യൂതീകരണം നടത്താനുള്ള വിദഗ്ദ്ധര്‍ക്കാണ് ക്ഷാമം നേരിടുന്നത്. ചരിത്രപരമായ ചാര്‍മിനാറിന് സമീപം സ്ഥിതി ചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ ഈ പള്ളിയുടെ സംരക്ഷണ പ്രവൃത്തികള്‍ക്കായി എട്ടരക്കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കി വച്ചിട്ടുള്ളത്. 2017ലാണ് പള്ളിയുടെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറവും പണി എങ്ങുമെത്തിയിട്ടില്ല. ന്യൂനപക്ഷ വകുപ്പ് നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.
തങ്ങള്‍ക്ക് മുന്‍പരിചയമില്ലാത്തതിനാല്‍ വൈദ്യുതീകരണ ജോലികള്‍ ചെയ്യാനാകില്ലെന്ന് പൈതൃക വകുപ്പ് വ്യക്തമാക്കി. റോഡ്-കെട്ടിട നിര്‍മ്മാണ വകുപ്പും ഇതേ കാര്യംചൂണ്ടിക്കാട്ടി നിര്‍മ്മാണത്തില്‍ നിന്ന് പിന്നോട്ട് പോകുകയാണ്. ഇതൊരു പൈതൃക നിര്‍മ്മിതി ആണെന്നും അത് കൊണ്ട് തന്നെ വിദഗ്ദ്ധര്‍ക്ക് മാത്രമേ ഇതിന്റെ നിര്‍മ്മാണം തുടരാനാകൂ എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അത് കൊണ്ട് തന്നെ ആഗാഖാന്‍ ഡെവലപ്പ്‌മെന്റ് നെറ്റ് വര്‍ക്കിനെ സമീപിക്കാനാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് പൈതൃക വകുപ്പിനോട് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉടന്‍ തന്നെ ഇവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന. അവരുടെ സഹായത്തോടെ ജോലികള്‍ വേഗത്തില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷ. നേരത്തെ മുംബൈ ആസ്ഥാനമായ ഒരു കമ്പനിയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിരുന്നത്. മട്ടുപ്പാവിന്റെയും ശവകുടീരത്തിന്റെയും പണികള്‍ ഒഴികെയുള്ളവ പൂര്‍ത്തീകരിച്ചിരുന്നു. പ്രധാനവാതിലിന്റെയും പ്രവേശന കവാടത്തിന്റെയും നിര്‍മ്മാണ് രണ്ട് വര്‍ഷം മുമ്പ് തന്നെ പൂര്‍ത്തീകരിച്ചിരുന്നു. ശൗചാലയങ്ങളുടെയും മറ്റും പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പണികള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മോടിപിടിപ്പിക്കല്‍ ജോലികള്‍ ന്യൂനപക്ഷ വകുപ്പ് നേരിട്ട് ചെയ്യും.
വലിയ മണ്‍കുടങ്ങളിലെ പൂച്ചെടികള്‍ പള്ളിയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങും മുമ്പ് തന്നെ പള്ളിയെക്കുറിച്ചും കാലാവസ്ഥയോടുള്ള ഇതിന്റെ പ്രതികരണത്തെക്കുറിച്ചും ഒരു വര്‍ഷത്തോളം പഠനം നടത്തിയിരുന്നു.