മുസ്ലീം കച്ചവടക്കാരെ ബഹിഷ്‌ക്കരിച്ച് ഒരു ഗ്രാമം

Advertisement


ഗുഡ്ഗാവ്: മുസ്ലീം കച്ചവടക്കാരെ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ഒരു ഗ്രാമം. ഹരിയാനയിലെ മാനേസറില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം ഒരു ക്ഷേത്രത്തില്‍ ചേര്‍ന്ന ഹിന്ദു പഞ്ചായത്തിലാണ് മുസ്ലീം കച്ചവടക്കാരെ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തത്.

പ്രദേശത്ത് കച്ചവടം നടത്തുന്ന മിക്ക പഴച്ചാര്‍ കടകളും തലമുടി വെട്ടല്‍ കേന്ദ്രങ്ങളും നടത്തുന്നത് മുസ്ലീങ്ങളാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ കടകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വയ്ക്കുകയും ഹിന്ദു പേരുകള്‍ ഇടുകയും ചെയ്യുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇവര്‍ ആരോപിച്ചു. സാമ്പത്തിക ബഹിഷ്‌ക്കരണം നടപ്പാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഗ്രാമതലത്തില്‍ ഒരു സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഭരണകൂടത്തിനും ഇവര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ബജറംഗ്ദള്‍, വിശ്വഹിന്ദു പരിഷത്തില്‍ നിന്നുള്ള 200 പേരാണ് കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്തില്‍ പങ്കെടുത്തത്. മനേസറിന് സമീപപ്രദേശങ്ങളായ കസാന്‍, ഗുഡ്ഗാവ്, ദാരുഹേര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരും യോഗത്തിനെത്തി.

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ഡ്യൂട്ടി മജിസ്‌ട്രേറ്റിനും പരാതി നല്‍കിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവര്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണവും ഉയര്‍ത്തി. കര്‍ശന നടപടികള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഹിന്ദു സമൂഹത്തിന് വേണ്ടിയാണ് ഇത്തരമൊരു യോഗം വിളിച്ച് ചേര്‍ത്തതെന്ന് മനേസറിലെ വിഎച്ച്പി ജനറല്‍ സെക്രട്ടറി ദേവേന്ദര്‍ സിങ് പറഞ്ഞു. പ്രദേശത്ത് വളര്‍ന്ന് വരുന്ന മത മൗലികവാദികളെയും ജിഹാദി ശക്തികളെയും ഉന്‍മൂലനം ചെയ്യേണ്ടതുണ്ട്. ഇവ രാജ്യത്ത് വേര് പിടിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദുക്കള്‍ കൊല്ലപ്പെടുന്നു. റോഹിഗ്യകളും ബംഗ്ലാദേശികളും പാകിസ്ഥാനികളും ഗുഡ്ഗാവിലും മനേസറിലും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് വച്ച് തമ്പടിക്കുന്നു. വിവിധ മേഖലകളില്‍ ഇവര്‍ വ്യവസായം നടത്ുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ അധികൃതര്‍ക്ക് ഒരാഴ്ച സമയം നല്‍കുകയാണ്. ഇവര്‍ എങ്ങനെയാണ് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയത്/ ആരാണ് ഇവര്‍ക്ക് പണം നല്‍കുന്നത് തുടങ്ങിയ ചോദ്യങ്ങളും ഇവര്‍ ഉയര്‍ത്തി. ഇത് നമ്മുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ ഹിന്ദു സമൂഹം നടപടി കൈക്കൊള്ളുമെന്ന മുന്നറിയിപ്പും ഉണ്ടായി. കുറച്ച് കൂടി വലിയ സമ്മേളനം വിളിച്ച് ചേര്‍ത്ത് മേല്‍ നടപടികള്‍ തീരുമാനിക്കും.

സാമ്പത്തിക ബഹിഷ്‌ക്കരണം മാത്രമേ മുന്നിലുള്ളൂ. ഈ കടകള്‍ അവര്‍ക്ക് വ്യവസായത്തിനോ തൊഴിലിനോ വേണ്ടിയല്ല. ജിഹാദിന്റെ ഭാഗമാണ്. പിന്നീട് പ്രസംഗിച്ച പലരും സാമ്പത്തിക ബഹിഷ്‌ക്കരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഹലാല്‍ ഉത്പന്നങ്ങളെയും ബഹിഷ്‌ക്കരിക്കണം. അവരുടെ കടകളില്‍ പോയി തലമുടി വെട്ടരുത്. അവര്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കരുത്. അവരുടെ കടകളില്‍ നിന്ന് പഴങ്ങള്‍ വാങ്ങരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉണ്ടായി.

ഉദയ്പൂര്‍ കൊല പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ തങ്ങളും ആയുധമെടുക്കും. അധികൃതരുടെ അനുമതിയോടെയാണ് ഇത്തരമൊരു യോഗം സംഘടിപ്പിച്ചത്. പ്രദേശത്ത് പൊലീസിനെയും വിന്യസിച്ചിരുന്നു. ഉദയ് പൂര്‍ കൊലപാതകികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ മതവിദ്വേഷം വമിക്കുന്ന മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. ഇവര്‍ക്കെതിരെയുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

Advertisement