മുംബൈ∙ ഉദ്ധവ് താക്കറെ പക്ഷത്ത് നിലയുറപ്പിക്കുകയും ഏക്നാഥ് ഷിൻഡെയെ പൊതുവേദിയിൽ തള്ളിപറയുകയും ചെയ്‌ത ശിവസേന എംഎൽഎ സന്തോഷ് ബംഗർ ഒടുവിൽ വിമതക്യാംപിലെത്തിയതിന്റെ ഞെട്ടലിലാണ് ഉദ്ധവ് വിഭാഗം.
മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചപ്പോൾ സന്തോഷ് ബംഗറുടെ സാന്നിധ്യം ചർച്ചയാകുകയും ചെയ്‌തു. സന്തോഷ് ബംഗറും കൂടി ഇന്ന് സഭയിലെത്തിയതോടെ ഷിൻഡെയ്ക്ക് 40 സേനാ എംഎൽഎമാരുടെ പിന്തുണ ലഭിച്ചു.164 പേരുടെ പിന്തുണയാണ് ഷിൻഡെയ്ക്കു ആകെ ലഭിച്ചത്. ഏക്നാഥ് ഷിൻഡെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരും താമസിക്കുന്ന മുംബൈയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയോടെ എത്തിയായിരുന്നു സന്തോഷ് ബംഗർ പിന്തുണ അറിയിച്ചത്.
ഉദ്ധവ് താക്കറെയ്ക്ക് പൊതുവേദിയിൽ പിന്തുണ പ്രഖ്യാപിക്കുന്നതിനിടെ സന്തോഷ് ബംഗർ വിതുമ്പിക്കരയുന്നതും അനുയായികൾ അദ്ദേഹത്തിന്റെ കണ്ണീരൊപ്പുന്നതും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഞങ്ങൾ നിങ്ങൾക്കൊപ്പമാണ് താക്കറെ– വൈറൽ വിഡിയോയിൽ സന്തോഷ് ബംഗർ പറഞ്ഞു. ഏക്നാഥ് ഷിൻഡെ പിന്നിൽനിന്ന് കുത്തിയെന്നും തിരികെ വരണമെന്നും വൈറൽ പ്രസംഗത്തിൽ സന്തോഷ് ബംഗർ ആവശ്യപ്പെട്ടിരുന്നു. സന്തോഷ് ബംഗറുടെ അപ്രതീക്ഷിത ചുവടുമാറ്റം അനുയായികൾ അടക്കമുള്ളവരെ അമ്പരിപ്പിച്ചു.
ഇന്നലെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ രാഹുൽ നർവേക്കറുടെ അധ്യക്ഷതയിലായിരുന്നു വിശ്വാസ വോട്ട്. നിലവിൽ 288 അംഗ നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരുണ്ട്. 50 പേരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ നിലപാട്. ഇതിൽ 40 പേർ ശിവസേന വിമതരാണ്. ഒരു ശിവസേന എംഎൽഎയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാൻ 144 വോട്ട് മാത്രമാണ് വേണ്ടിയിരുന്നത്.