പെട്രോളിനും ഡീസലിനും ഉടന്‍ വില കുറയും

Advertisement

മുംബൈ: മഹാരാഷ്ട്രയില്‍ പെട്രോളിനും ഡീസലിനും ഉടന്‍ വില കുറയുമെന്ന് റിപ്പോര്‍ട്ട്. അവശ്യ സാധന വില ദിനം പ്രതി കുത്തനെ കുതിച്ച് കയറുന്ന സാഹചര്യത്തിലാണ് ഈ ആശ്വാസ വാര്‍ത്ത.

പെട്രോളിന്റെ മൂല്യ വര്‍ദ്ധിത നികുതി(വാറ്റ്) കുറയ്ക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വിലകുറയുന്നത്. കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തില്‍ വിജയം നേടിയ ശേഷമാണ് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രകൃതിവാതകത്തിന്റെ മൂല്യവര്‍ദ്ധിത നികുതി എടുത്ത് കളഞ്ഞിട്ടും ശിവസേന നേതൃത്വം നല്‍കിയ മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി കുറച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുംബൈയില്‍ ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് 111.35 രൂപയാണ് വില. ഡീസലിന് ലിറ്ററിന് 97.28രൂപയും നല്‍കണം. രാജ്യത്ത് പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ളത് മുംബൈയിലാണ്. പ്രകൃതി വാതകത്തിന്റെ മൂല്യവര്‍ദ്ധിത നികുതി കുറച്ചതിലൂടെ സര്‍ക്കാരിന് 1,100 കോടി രൂപ പ്രതിവര്‍ഷം നഷ്ടമായെന്ന് മഹാവികാസ് അഘാടി സഖ്യസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.