ഒടിപിയെ ചൊല്ലി തര്‍ക്കം; ഒല ഡ്രൈവര്‍ ടെക്കിയെ കൊലപ്പെടുത്തി

Advertisement

ചെന്നൈ: ഒല ഡ്രൈവര്‍ ടെക്കിയെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ചെന്നെയിലാണ് സംഭവം.

ഒടിപി വരാന്‍ വൈകിയതിനെ ചൊല്ലിയുള്ള തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ചയാണ് സംഭവം. ഡ്രൈവര്‍ ഇയാളെ നിരവധി പ്രാവശ്യം ഇടിച്ചതായാണ് പൊലീസ് പറയുന്നത്.

കോയമ്പത്തൂരിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉമേന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. വാരാന്ത്യത്തില്‍ ചെന്നൈയില്‍ ഒരു ബന്ധുവിനെ കാണാന്‍ കുടുംബ സമേതം എത്തിയതായിരുന്നു. ഞായറാഴ്ച ചെന്നൈയിലെ ഒരു മാളില്‍ സിനിമ കണ്ടശേഷം തിരിച്ച് പോകാനായി കാബ് ബുക്ക് ചെയ്തതായിരുന്നു. കാബ് എത്തിയപ്പോള്‍ ഒടിപിയെ ചൊല്ലി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുകയായിരുന്നു. ഇതോടെ കാറില്‍ നിന്നിറങ്ങാന്‍ ഡ്രൈവര്‍ ഉമേന്ദ്രയോടും കുടുംബത്തോടും ആവശ്യപ്പെട്ടു. ഇറങ്ങുമ്പോള്‍ ഉമേന്ദ്ര കാറിന്റെ ഡോര്‍ വലിച്ചടച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

ആദ്യം ഡ്രൈവര്‍ തന്റെ ഫോണ്‍ ഉമേന്ദ്രയ്ക്ക് നേരെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടതോടെ ഉമേന്ദ്ര കുഴഞ്ഞ് വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാബ് ഡ്രൈവറെ അറസറ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.