ചാനല്‍ അവതാരകനെ പൊലീസ് കസ്റ്റഡിയിലെടുത്തു; നടപടി രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ സംബന്ധിച്ച കേസില്‍; അവതാരകന്റെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍

Advertisement


ന്യൂഡല്‍ഹി: ചാനല്‍ അവതാരകന്റെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. അവതാരകനെ അറസ്റ്റ് ചെയ്യാനെത്തിയ രണ്ട് സംസ്ഥാനങ്ങളിലെ പൊലീസുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൗതുകമായത്.

ഛത്തീസ്ഗഡ് പൊലീസ് പുലര്‍ച്ചെ അഞ്ചരയോടെയാണ് സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്റെ ഗാസിയാബാദിലെ വീട്ടിലെത്തിയത്. റായ്പൂര്‍ കോടതിയുടെ വാറന്റുമായാണ് പൊലീസ് എത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള തെറ്റിദ്ധാരണജനകമായ ഒരു ദൃശ്യത്തിന്റെ പേരിലായിരുന്നു നടപടി.

ഛത്തീസ്ഗഡ് പൊലീസ് തന്റെ വീടിന് മുന്നില്‍ എത്തിയ ഉടന്‍ തന്നെ രഞ്ജന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തു. ഛത്തീസ്ഗഡ് പൊലീസ് പ്രാദേശിക പൊലീസിനെ അറിയിക്കാതെ തന്നെ അറസ്റ്റ് ചെയ്യാന്‍ എത്തിയിരിക്കുന്നുവെന്നും ഇത് നിയമപരമാണോ എന്നും ചോദിച്ചായിരുന്നു രഞ്ജന്റെ ട്വീറ്റ്. തന്റെ ട്വീറ്റില്‍ രഞ്ജന്‍ ഉത്തര്‍ പ്രദേശ് പൊലീസിനെയും മുഖ്യമന്ത്രി ആദിത്യനാഥിനെയും ടാഗ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇത്തരത്തില്‍ യാതൊരു നിയമവും ഇല്ലെന്ന് റായ്പൂര്‍ പൊലീസ് ട്വീറ്റ് ചെയ്തു. എന്നിട്ടും അവരെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് സംഘം നിങ്ങളെ വാറന്റ് കാട്ടിയിട്ടുണ്ടെങ്കില്‍ അവരുമായി സഹകരിക്കുക. നിങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുക എന്നും റായ്പൂര്‍ പൊലീസ് വ്യക്തമാക്കി.

രഞ്ജന്റെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ഗാസിയാബാദ്, നോയ്ഡ പൊലീസ് പ്രശ്‌നത്തില്‍ ഇടപെടുകയും ഇയാളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു. റായ്പൂര്‍ കോടതിയുടെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ഛത്തീസ് ഗഡ് പൊലീസ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സ്ഥലത്തെത്തിയ ഉത്തര്‍പ്രദേശ് പൊലീസ് രജ്ഞനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

ഉദയ്പൂരില്‍ തയ്യല്‍ക്കാരന്‍ കനയ്യലാലിന്റെ കൊലപാതകത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് വയനാട്ടിലെ തന്റെ ഓഫീസ് തകര്‍ക്കലിലേക്ക് നയിച്ചതെന്ന് രാഹുല്‍ പറയുന്നതായുള്ള വീഡിയോയുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഇതൊരു കൃത്രിമ വീഡിയോ ആണ്. എന്നാല്‍ സംഭവത്തില്‍ രജ്ഞന്‍ മാപ്പ് ചോദിച്ചു. ഇതൊരു മാനുഷികമായ പിഴവാണെന്ന് അയാള്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ പിറ്റേ ദിവസം ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. മനഃപൂര്‍വ്വം വിദ്വേഷ പ്രചരണത്തിന് ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി. ഛത്തീസ്ഗഡിലെ ഒരു കോണ്‍ഗ്രസിന്റെ പരാതിയിലാണ് നടപടി.

അതേസമയം ഇതേ സംഭവത്തിലുള്ള മറ്റൊരു പരാതിയില്‍ ഇയാളെ നോയ്ഡ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് നല്‍കുന്ന വിശദീകരണം.

Advertisement