തൊഴിലാളികളുടെ ക്ഷേമത്തിന് നീക്കി വച്ചിട്ടുള്ള പണത്തില്‍ 94ശതമാനവും ഉപയോഗിക്കുന്നില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

Advertisement

ന്യൂഡല്‍ഹി: നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷയും ആരോഗ്യസംരക്ഷണവും ഉറപ്പാക്കുന്നതിന് വേണ്ടി തൊഴിലാളികളില്‍ നിന്ന് സെസ് ഇനത്തില്‍ പിരിച്ചെടുക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. തൊഴിലാളി മരിച്ചാല്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിലും അപാകതകള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നാല് റിപ്പോര്‍ട്ടുകളാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം മഴക്കാല സമ്മേളനത്തില്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. 54 മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ലക്ഷം രൂപ വീതമാണ് നല്‍കിയത്. രജിസ്‌ട്രേഷന് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ തൊഴിലാളികളില്‍ പലര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് മരണങ്ങളില്‍ 6.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. ഇതില്‍ തൊഴിലാളികളുടെ മരണശേഷമാണ് രജിസ്‌ട്രേഷന് നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നല്‍കിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ തൊഴിലാളിയുടെ ഒപ്പ് ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അര്‍ഹതയില്ലാത്തവര്‍ പലരും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട് എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് എന്നും സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2002-19 കാലഘട്ടത്തില്‍ ഡല്‍ഹി കെട്ടിട -മറ്റ് നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് 3,273.64 കോടി രൂപ, സെസ് സെസിന്റെ പലിശ, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയ ഇനത്തില്‍ ലഭിച്ചു. ഇതില്‍ 182.88 കോടി അതായത് 5.59 ശതമാനം മാത്രമാണ് നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവിട്ടത്. 2019 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം സെസ്, പലിശ തുടങ്ങിയ ഇനത്തില്‍ 2,709.46 കോടിരൂപയാണ് സമാഹരിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Advertisement