വീണ്ടും ചർച്ചയായി വേർപിരിഞ്ഞ ഐഎഎസ് ദമ്പതികൾ

Advertisement

ജയ്പൂര്‍:  ദമ്പതികൾ വേർ പിരിഞ്ഞ ഐഎഎസ് ദമ്പതികൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ടിന ദാബി ഐഎഎസും അതാര്‍ ആമിര്‍ ഖാനും ആണ് വീണ്ടും ചർച്ചയായിരിക്കുന്നത്. ജയ്പൂര്‍ കോടതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് ദമ്പതിമാര്‍ തങ്ങളുടെ ദാമ്പത്യം അവസാനിപ്പിച്ചത്. 

2018ല്‍ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമായി മാധ്യമങ്ങള്‍ വാഴ്ത്തിയ ഒരു വൈവാഹിക ജീവിതത്തിനാണ് അവസാനമായിരിക്കുന്നത്. 2020 നവംബറില്‍ തന്നെ ഇവര്‍ വേര്‍പിരിയുന്ന കാര്യം അറിയിച്ചിരുന്നു. 2016ല്‍ തന്നെ വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിച്ചവരാണ് ഇരുവരും. 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയായിരുന്നു ടിന ദാബി അന്ന് തലക്കെട്ടായത്. ദളിത് വിഭാഗത്തില്‍ നിന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരീക്ഷയില്‍ ആദ്യ റാങ്കുകാരിയായി വിജയം നേടിയ ആദ്യ വ്യക്തി എന്ന പ്രത്യേകതയായിരുന്നു അന്ന് ടിനയെ വാര്‍ത്താതാരമാക്കിയത്. ടിനയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം റാങ്കുകാരനായ അന്നത്തെ പട്ടികയില്‍ അതാര്‍ ആമിറുമുണ്ടായിരുന്നു.

ടിന ദാബി തന്റെ ആദ്യ പരിശ്രമത്തില്‍ തന്നെയാണ് ഉജ്വലമായ ഈ നേട്ടം കൊയ്തത്. കശ്മീര്‍ താഴ് വരയില്‍ നിന്നുള്ള അതാര്‍ ആമിര്‍ ഖാനാകട്ടെ മുന്‍ വര്‍ഷം മറ്റൊരു സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കശ്മീരിലെ യുവാക്കളുടെ ദേശീയ മുഖ്യധാരാ സര്‍വീസ് എന്ന സ്വപ്‌ന സാക്ഷാത്ക്കാരമായിരുന്നു ഇയാളുടെ രണ്ടാം റാങ്ക്.. ഇവര്‍ ഐഎഎസ് അക്കാഡമിയില്‍ വച്ച് കണ്ടുമുട്ടിയതോടെ പ്രണയത്തിലാകുകയും ചെയ്തു.

ഇരുവരും രാജസ്ഥാന്‍ കേഡറിലാക്കാണ് നിയമിതരായത്. ജയ്പൂരിലായിരുന്നു ആദ്യനിയമനം. പിന്നീട് ടിനയെ ശ്രീഗംഗാനഗറിലെ ജില്ലാ പരിഷത്തിന്‌റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ഇപ്പോള്‍ ഇവര്‍ രാജസ്ഥാന്‍ സര്‍ക്കാരിലെ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ്. അതാര്‍ ആമീര്‍ഖാനാകട്ടെ ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കമ്മീഷണറാണ്.

2016 നവംബറില്‍ ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെയാണ് ഇവര്‍ തങ്ങളുടെ ബന്ധം വെളിപ്പെടുത്തിയത്. ഇരുവരുടെയും മാതാപിതാക്കള്‍ ഇവരുടെ ബന്ധത്തെ പിന്തുണച്ചപ്പോള്‍ സമൂഹം എതിര്‍പ്പുമായി രംഗത്ത് എത്തി. ഇതൊരു ലവ് ജിഹാദ് ആണെന്നായിരുന്ു അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ അഭിപ്രായം. എന്നാല്‍ ഇതൊന്നും ഇവരുടെ ബന്ധത്തെ ബാധിച്ചില്ല. തന്റെ ഫെയ്്ബുക്ക് പോസ്റ്റിലെ കമന്റുകളില്‍ ഭൂരിഭാഗും തങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നായിരുന്നു ടിനയുടെ പക്ഷം.

രണ്ട് വര്‍ഷത്തിന് ശേഷം 2018 ഏപ്രില്‍ ഏഴിന് ഇരുവരും കശ്മീരിലെ പഹല്‍ഗാമില്‍ വച്ച് വിവാഹിതരായി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കം മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും മറ്റ് ഉന്നതരും പങ്കെടുത്ത വിവാഹ മാമാങ്കവും ഏറെ ആഘോഷിക്കപ്പെട്ടു.

നിരവധി എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും ഈ വിവാഹത്തെ സാമുദായിക സൗഹാര്‍ദ്ദത്തെ ഉത്തമോദാഹരണമായി മാധ്യമങ്ങള്‍ വാഴ്ത്തി. വംശീയ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും ഇക്കാലത്ത് ഈ വിവാഹം സമുദായിക സൗഹാര്‍ദ്ദത്തിന്റെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഒപ്പം ദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. വിവാഹശേഷം ഇരുവരെയും ജയ്പൂരില്‍ നിയമിച്ചു.

നേരത്തെ തന്നെ ഇവരുടെ വൈവാഹിക ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായെങ്കിലും 2020ലാണ് ഇത് പുറത്തറിയുന്നത്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ടിന തന്റെ പേരിനൊപ്പമുണ്ടായിരുന്ന ഖാന്‍ നീക്കം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇന്‍സ്റ്റഗ്രാമില്‍ ആമിര്‍ഖാന്‍ ടിനയെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ഇരുവരും മ്യുച്ചല്‍ ഡൈവോഴ്‌സ് കേസ് ഫയല്‍ ചെയ്തു. 2021 ഓഗസ്റ്റ് 10ന് വിവാഹമോചന കേസില്‍ തീര്‍പ്പുണ്ടായി. പിന്നീട് ഇരുവരും സ്വസമുദായത്തിൽ നിന്ന് വിവാഹവും ചെയ്തു.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ടിന ദാബിയുടെ ഒരു പോസ്റ്റാണ് വീണ്ടും ഈ കാര്യങ്ങള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ആളുകള്‍ നിങ്ങളെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ എന്ത് ചെയ്ത്‌ലും കുഴപ്പമില്ല. നിങ്ങളുടെ സന്തോഷമാണ് വലുത്. നിങ്ങള്‍ ഏറ്റവും മികച്ച ജീവിതം ജീവിക്കുക എന്നാണ് ടിന കുറിച്ചത്. ഇതാണ് ഇപ്പോള്‍ വീണ്ടും ദമ്പതികളെ വാര്‍ത്തയില്‍ എത്തിച്ചിരിക്കുന്നത്.