ന്യൂഡല്‍ഹി: അച്ഛന്റെ പാത പിന്തുടരാനായിരുന്നു. കുട്ടിക്കാലത്തെ അനന്യ ശര്‍മ്മ എന്ന പെണ്‍കുട്ടി ആഗ്രഹിച്ചത്. ഇപ്പോള്‍ ആ സ്വപ്‌നം അവള്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നു. ഫ്‌ലൈയിംഗ് ഓഫീസര്‍ അനന്യ ശര്‍മ്മയായി പിതാവിനൊപ്പം തന്നെ ഒരേ യുദ്ധവിമാനം പറത്തി ചരിത്രം കുറിച്ചിരിക്കുന്നു.
പിതാവ് എയര്‍ കമാന്‍ഡര്‍ സഞ്ജയ് ശര്‍മ്മയ്‌ക്കൊപ്പം മെയ് മാസത്തിലാണ് ഒരേ യുദ്ധവിമാനം പറത്താനുള്ള ഭാഗ്യം സിദ്ധിച്ചത്. ഹ്വാക്ക് 132 അഡ്വാന്‍സ്ഡ് ജെറ്റ് ട്രെയിനേഴ്‌സ് വിമാനമാണ് ഇവര്‍ ഒരുമിച്ച് പറത്തിയത്. വ്യോമസേനയുടെ കര്‍ണാടകയിലെ ബിദാര്‍ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ വിമാനം പറത്തിയത്.
കഴിഞ്ഞ ദിവസമാണ് അച്ഛനും മകളും യുദ്ധവിമാനത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഏറെ വൈകാതെ തന്നെ ഈ ചിത്രങ്ങള്‍ വൈറലായി. വ്യോമസേനയില്‍ ഇത്തരത്തില്‍ ഇതിന് മുമ്പ് ഒരു അച്ഛനും മകളും ഒരുമിച്ച് ഉണ്ടായിരുന്നിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയത്തിലെ ഗുജറാത്ത് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ട്വീറ്റ് ചെയ്തു.അച്ഛനും മകളും എന്നതിലുപരി ഇവര്‍ സുഹൃത്തുക്കളായാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.
1989ലാണ് സഞ്ജയ് ശര്‍മ്മ ഐഎഎഫില്‍ യുദ്ധവിമാന വൈമാനികനായത്. മിഗ് 21, സക്വാഡ്രന്‍ വിമാനങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു. വ്യോമസേനയിലെ സൈനികര്‍ക്കൊപ്പം തന്നെ ആയിരുന്നു അനന്യ കുട്ടിക്കാലം ചെലവിട്ടത്. പതുക്കെ പതുക്കെ പിതാവിന്റെ ആത്മാംശം അവളിലേക്ക് കുടിയേറി. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിടെക് ബിരുദം നേടിയ ശേഷമാണ് വ്യോമസേനയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചത്. 2021 ഡിസംബറില്‍ യുദ്ധവിമാനത്തിലെ പൈലറ്റായി.
വളരെ കുറച്ച് സ്ത്രീകള്‍ മാത്രമുള്ള രംഗത്താണ് അനന്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 2016ലാണ് വ്യോമസേനയില്‍ ആദ്യമായി വനിതാ പൈലറ്റുമാര്‍ വരുന്നത്. ആവണി ചതുര്‍വേദി, ഭാവനാ കാന്ത് മോഹനാ സിങ് എന്നിവരായിരുന്നു ആദ്യ ബാച്ച് വനിതാ വൈമാനികര്‍. 2022ഫെബ്രുവരിയില്‍ 16 വനിതകള്‍ കൂടി ഈ രംഗത്തേക്ക് എത്തി.
അനന്യ ഏതായാലും കൂടുതല്‍ വലിയ വലിയ യുദ്ധ വിമാനങ്ങള്‍ പറത്തി കൂടുതല്‍ വിശാലമായ ആകാശത്തേക്ക് പറക്കാനുള്ള ഉദ്യമത്തിലാണ്.