ബ്രിട്ടീഷ് ഭരണകാലത്ത് നിരോധിച്ച പുസ്തകങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍

Advertisement

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഭരണകാലത്ത് നിരോധിച്ച പുസ്തകങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഉദ്യമവുമായി സര്‍ക്കാര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക മന്ത്രാലയം ഇത്തരത്തിലുള്ള കവിതകളും എഴുത്തുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ദേശബോധ സ്വഭാവം അടക്കമുള്ളവയാണ് ഇവ നിരോധിക്കപ്പെടാന്‍ കാരണം. ഇവ വായിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്.

പദ്ധതിയുടെ കാറ്റലോഗ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബംഗാളി, ഹിന്ദി, ഉര്‍ദു, കന്നഡ, പഞ്ചാബി, സിന്ധി, തെലുങ്ക്, ഗുജറാത്തി, തമിഴ് തുടങ്ങിയ ഭാഷകളില്‍ ഇത്തരം നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് എഴുതപ്പെട്ട ഇവയ്ക്ക് വിപ്ലവ സ്വഭാവവും ഉണ്ട്. അത് കൊണ്ട് തന്നെ ബ്രിട്ടീഷ് ഭരണത്തിന്റെ സുരക്ഷയ്ക്ക് ഇവ അപകടമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവ നിരോധിച്ചത്.
ഇവയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി അതാത് പ്രദേശത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇവ തൊല്ലി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍ ഒഡിയയിലുള്ള ദാരിദ്ര നിയാന്‍ എന്ന കവിത ചൊല്ലി അപ് ലോഡ് ചെയ്ത് കഴിഞ്ഞു. ഗംഗാധര്‍ മിശ്രയാണ് ഇത് എഴുതിയത്. കവി ജാവേര്‍ ചന്ദ് മെഘാനി എഴുതിയ കസുംമ്പി നോ രംഗ് എന്ന കവിത കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ചൊല്ലി. കേന്ദ്ര സാംസ്‌കാരിക വിനോദസഞ്ചാരമന്ത്രി ജി കിഷന്‍ റെഡ്ഡി തെലുങ്ക് കവി വാദ്ദാധി സീതാരാമഞ്ജനേയലു എഴുതിയ ഭാരത മാതാഗീതം വായിച്ചു.

ഇവയെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നിരോധിച്ചവയാണ്. സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച മുമ്പ് എല്ലാവരുടെയും വീട്ടില്‍ ത്രിവര്‍ണപതാക ഉയര്‍ത്താനും സാസംസ്‌കാരിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ ഘര്‍ തിരംഗാ പദ്ധതിയിലൂടെയ 20 കോടി വീടുകളിലാണ് ത്രിവര്‍ണ പതാക ഉയരുക. ഈ മാസം പകുതിയോടെ ഈ പദ്ധതിക്ക് തുടക്കമാകും. ഇത്തരത്തില്‍ പ്രാദേശിക സ്വയംസന്നദ്ധ സംഘടനകള്‍ നിര്‍മ്മിക്കുന്ന പതാകകള്‍ വാങ്ങുന്നത് സമ്പദ്ഘടനയ്ക്കും കരുത്താകുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. ഓണ്‍ലൈന്‍ വഴി പതാകകകള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.