കുട്ടികള്‍ ക്ലാസില്‍ കയറിയില്ല: 32 മാസത്തെ ശമ്പളം സര്‍ക്കാരിന് തിരിച്ച് നല്‍കി കോളജ് അധ്യാപകന്‍

Advertisement

പാറ്റ്‌ന: കോളജ് അധ്യാപകന്‍ 32 മാസത്തെ വേതനം സര്‍ക്കാരിന് തിരിച്ച് നല്‍കി. ഏകദേശം 24 ലക്ഷത്തോളം രൂപയാണ് അദ്ദേഹം തിരിച്ച് നല്‍കിയത്. കുട്ടികള്‍ ക്ലാസില്‍ കയറാത്തത് കൊണ്ടാണ് അധ്യാപകന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

ബീഹാറിലെ ഒരു കോളജ് അധ്യാപകനാ് ഈ മഹനീയ മാതൃക സൃഷ്ടിച്ചത്. മുസാഫര്‍പൂര്‍ ജില്ലയിലെ ഗവണ്‍മെന്റ് കോളജ് അധ്യാപകനാമയ ഡോ.ലാലന്‍ കുമാറാണ് 23,82,228 രൂപ സര്‍ക്കാരിന് തിരികെ നല്‍കിയത്. നിതീഷ്വര്‍ കോളജിലെ ഹിന്ദി അധ്യാപകനാണ് ഇദ്ദേഹം. ബിഹാറിലെ ബാബ സഹേബ് ഭീം റാവു അംബേദ്കര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളജാണിത്.

2019സെപ്റ്റംബര്‍ 25 മുതല്‍ അദ്ദേഹം ഈ കോളജില്‍ പഠിപ്പിക്കുന്നു. തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ് അധ്യാപനമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ തന്നെ അമ്പരപ്പിച്ച് കൊണ്ട് കഴിഞ്ഞ 32 മാസമായി ഒരു കുട്ടി പോലും തന്റെ ക്ലാസില്‍ വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദി വകുപ്പില്‍ ബിരുദ കോഴ്‌സിനായി 131 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട്.

കോവിഡ് മൂലം മിക്ക സമയത്തും കോളജില്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസിലും ആരും ഉണ്ടായില്ല. പഠിപ്പിക്കാതെ വേതനം കൈപ്പറ്റിയാല്‍ അത് അക്കാദമികമായി മരണമാണെന്ന് അദ്ദേഹം പറയുന്നു. എടുത്ത് കാട്ടാന്‍ എന്തെങ്കിലും അക്കാദമിക മികവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ തൊഴില്‍ കൊണ്ട് പ്രയോജനമുള്ളു എന്നും സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ആര്‍ കെ താക്കൂറിന് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ കഴിവ് മുഴുവന്‍ ഉപയോഗിച്ചിട്ടും തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനായില്ല. അത് വേതനം കൈപ്പറ്റുന്നത് അധാര്‍മ്മികമാണ്.

രജിസ്ട്രാര്‍ക്ക് മുന്നിലെത്തി താന്‍ വാങ്ങിയ മുഴുവന്‍ തുകയ്ക്കുമുള്ള ചെക്ക് കൈമാറി. ആദ്യം പണം വാങ്ങാന്‍ രജിസ്ട്രാര്‍ വിസമ്മതിച്ചെങ്കിലും അധ്യാപകന്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്നതോടെ പണം കൈപ്പറ്റി.
വൈശാലിയില്‍ നിന്നുള്ള ആളാണ് ലാലന്‍ കുമാര്‍. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. വിദ്യാഭ്യാസ മികവിന് പ്രസിഡന്റിന്റെ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.