കാര്‍ഷിക കയറ്റുമതി 3.75 ലക്ഷം കോടിയിലെത്തിയത് നല്ലസൂചനയാണെന്ന് മന്ത്രി

Advertisement


ന്യൂഡല്‍ഹി: മിക്ക കാര്‍ഷികോത്പന്നങ്ങളുടെയും ഏറ്റവും വലിയ ഉത്പാദകരില്‍ ഇന്ത്യ ഇടം പിടിച്ചത് രാജ്യത്തെ കര്‍ഷകരുടെ അക്ഷീണമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍. സര്‍ക്കാരിന്റെ കര്‍ഷക സൗഹൃദ നയങ്ങളുടെ കൂടി വിജയമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ചിന്റെയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും സംയുക്ത കോണ്‍ഫറന്‍സ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും ഇന്ത്യയുടെ ജൈവ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊറോണ മഹാമാരിക്കിടയിലും രാജ്യത്തെ കാര്‍ഷിക കയറ്റുമതി 3.75 ലക്ഷം കോടിയില്‍ എത്തിയത് ഒരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഉത്പന്നങ്ങള്‍ക്ക് ആഗോള നിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

നമ്മുടെ രാജ്യത്ത് വ്യത്യസ്ത കാലാവസ്ഥയാണ് ഉള്ളതെന്നും അത് കൃഷിക്ക് ഏറെ അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കാര്‍ഷിക രംഗം ഏറെ ശക്തമാണ്. കോവിഡ്മഹാമാരി മൂലം ലോകം മുഴുവന്‍ അടഞ്ഞ് കിടന്നപ്പോഴും നമ്മുടെ നാട്ടില്‍ വിത്ത് വിതയ്ക്കലും വിളവെടുപ്പും അടക്കം എല്ലാം നടക്കുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷവും കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ്. അത് കൊണ്ട് തന്നെ അവരുടെ വളര്‍ച്ചയ്ക്ക് വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഒപ്പം വിദഗ്ദ്ധരുടെ സഹായവും അവര്‍ക്ക് ആവശ്യമുണ്ട്.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയിലുള്ള സര്‍ക്കാര്‍ പല നടപടികളും കൈക്കൊള്ളുന്നുണ്ട്. കാര്‍ഷിക രംഗത്ത് സാങ്കേതികത ഉപയോഗിച്ച് കൊണ്ടുള്ള വികസന പ്രവൃത്തികള്‍ നടത്തുന്നു. ഓരോ ഗ്രാമത്തിലും സംഭരണശാല അടക്കമുള്ളവ സ്ഥാപിച്ചു. കാര്ഷിക മേഖലയ്ക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.5 ലക്ഷം കോടി രൂപയുടെ പാക്കേജ് നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.