മൊറേന (മധ്യപ്രദേശ്):രോഗംബാധിച്ചുമരിച്ച രണ്ടു വയസുകാരനായ സഹോദരന്റെ മൃതദേഹം മടിയില്‍ വച്ച് റോഡരികില്‍ പിതാവിനേയും കാത്തിരിക്കുന്ന എട്ടു വയസുകാരന്റെ ഹൃദയഭേദകമായ ചിത്രം കണ്ട് മനംനൊന്ത് ജനം. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം.
മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആംബുലന്‍സിനായി അലഞ്ഞുതിരിയുന്ന പിതാവിനെ കാത്താണ് ആ എട്ടുവയസുകാരന്‍ അവിടെ ഇരിക്കുന്നത്.
സംഭവം വിവാദമായിട്ടും ജില്ലാ ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു. ആംബുലന്‍സ് ഇല്ലെന്ന് പറഞ്ഞ അവര്‍ പിന്നീട് ആളുകള്‍ ഇടപെട്ടതോടെ വാഹന സൗകര്യം ഏര്‍പെടുത്തുകയും മൂന്നുപേരും നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
അംബയിലെ ബദ്ഫ്ര ഗ്രാമത്തിലെ പൂജാറാം ജാതവ് അസുഖബാധിതനായ തന്റെ രണ്ട് വയസ്സുള്ള മകന്‍ രാജയെ അംബ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. വിളര്‍ച്ചയും നീര്‍ക്കെട്ട് രോഗവും ബാധിച്ച രാജ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
അംബ ആശുപത്രിയില്‍ നിന്ന് രാജയെ കൊണ്ടുവന്ന ആംബുലന്‍സ് ഉടന്‍ തന്നെ തിരിച്ചുപോയിരുന്നു. മകന്‍ മരിച്ചതോടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ വാഹനം വേണമെന്ന് പൂജാറാം ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയില്‍ വാഹനമില്ലെന്നും പുറത്തുനിന്നും കാര്‍ വാടകയ്‌ക്കെടുത്ത് മൃതദേഹം കൊണ്ടുപോകാനും ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പൂജറാമിന്റെ പക്കല്‍ അത്രയും പണമില്ലാതിരുന്നതിനാല്‍ എട്ടുവയസ്സുള്ള മകന്‍ ഗുല്‍ഷനൊപ്പം രാജയുടെ മൃതദേഹം ഏല്‍പിച്ച് അദ്ദേഹം ആംബുലന്‍സിനായി പുറത്തുപോകുകയായിരുന്നു.
ഒരു മണിക്കൂറോളം ഗുല്‍ഷന്‍ രണ്ട് വയസ്സുള്ള സഹോദരന്റെ മൃതദേഹം മടിയില്‍ വച്ചിരുന്നു. ഇതിനിടയില്‍, അച്ഛന്‍ തിരിച്ചുവരുന്നതും കാത്ത് അവന്റെ കണ്ണുകള്‍ റോഡിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു.
വിവരമറിഞ്ഞ് കോട്‌വാലി ടിഐ യോഗേന്ദ്ര സിംഗ് സ്ഥലത്തെത്തുകയും രാജയുടെ മൃതദേഹവുമായി നേരെ ജില്ലാ ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു.
പൊലീസ് ഇടപെട്ടതോടെ ഹോസ്പിറ്റല്‍ അധികൃതര്‍ ഉടന്‍ തന്നെ ആംബുലന്‍സ് ക്രമീകരിക്കുകയും മൂവരെയും അംബയിലേക്ക് അയക്കുകയും ചെയ്തു.