ന്യൂഡൽഹി: ഒരു പ്രത്യേക പരിധിക്കുമുകളിൽ ബാങ്ക് അക്കൗണ്ട് വഴി പണമിടപാട് നടത്തുന്നവർക്ക് ആദായനികുതി വകുപ്പിന്റെ നോട്ടിസ് ലഭിച്ചേക്കാം.
അവർ വിശദീകരണവും നൽകേണ്ടിവരും. ബാങ്ക് നിക്ഷേപം, മ്യൂച്ചൽ ഫണ്ട്, വസ്തുകച്ചവടം, ഷെയർ വിൽപന ഇതിനൊക്കെ പുതിയ ഉത്തരവ് ബാധകമാണ്. പരിധി വിട്ട് പണമിടപാട് നടത്തുകയാണെങ്കിൽ ആദായനികുതി വകുപ്പിനെ അറിയിക്കണം. അത് ചെയ്തില്ലെങ്കിൽ നോട്ടിസ് ലഭിക്കും.
ഉയർന്ന തുക കൈകാര്യം ചെയ്യുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കാൻ വകുപ്പ് അത്തരം ഏജൻസികളും സ്ഥാപനങ്ങളുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
സ്വമേധയാ വകുപ്പിനെ അറിയിച്ച് നോട്ടിസ് ഒഴിവാക്കാനാണ് നിർദേശം. അറിയിച്ചില്ലെങ്കിൽ പാൻ നമ്പറുമായി ബന്ധപ്പെടുത്തിയ അക്കൗണ്ടിന്റെ ഉടമയുടെ മൊബൈലിലേക്ക് എസ്‌എംഎസ് അയക്കും.
ആദായ നികുതി വകുപ്പ് അനുവദിക്കുന്ന പണമിടപാട് പരിധി ഇങ്ങനെ:
സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ 10 ലക്ഷം രൂപവരെ അനുമതിയുണ്ട്. കറന്റ് അക്കൗണ്ടിൽ 50 ലക്ഷം.
10 ലക്ഷം രൂപവരെയുള്ള ബാങ്കുകളിലെ സ്ഥിരനിക്ഷേപം. സ്ഥിരനിക്ഷേപം വ്യത്യസ്ത തുകകളായി പിരിച്ചിടുകയാണെങ്കിൽ പരിധി വിട്ടിട്ടില്ലെന്ന് തെളിയിക്കാൻ 61എ പൂരിപ്പിച്ചുനൽകണം.
ഒരു ലക്ഷം രൂപക്കു മുകളിലുള്ള ക്രഡിറ്റ് കാർഡ് ബില്ല് ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാവും. വർഷത്തിൽ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് 10 ലക്ഷം രൂപക്കു മുകളിൽ സെറ്റിൽമെന്റ് നടത്തിയാലും നോട്ടിസ് ലഭിക്കും.
വസ്തുവിൽപ്പനയിലൂടെ ലഭിക്കാവുന്ന പണത്തിന്റെ പരിധി 30 ലക്ഷം രൂപ. മ്യൂച്ചൽ ഫണ്ട്, ഡിബഞ്ചറുകൾ, ബോണ്ടുകൾ, സ്‌റ്റോക്കുകൾ എന്നിവ വഴി 10 ലക്ഷം, വിദേശനാണയ വിൽപ്പന വഴി 10 ലക്ഷം.