ഹോസ്റ്റലിന് സവർകറുടെ പേരിടുന്നതിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്ത്

Advertisement

മുംബൈ: ഹോസ്റ്റലിന് സവർകറുടെ പേരിടുന്നതിനെതിരെ എസ്‌എഫ്‌ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ രംഗത്ത്.
മുംബൈ സർവകലാശാലയിലെ കലിന ക്യാംപസിലെ പുതിയ അന്താരാഷ്ട്ര സ്റ്റുഡന്റ്‌സ് ഹോസ്റ്റലിന് ഛത്രപതി രാജർഷി ഷാഹു മഹാരാജിന്റെ പേരിടണമെന്ന് ആവശ്യപ്പെട്ട് പുരോഗമന വിദ്യാർഥി സംഘടനകൾ ഗവർണർക്ക് കത്തെഴുതി. കഴിഞ്ഞയാഴ്ച കെട്ടിടം ഉദ്ഘാടനം ചെയ്യവേ ഹോസ്റ്റലിന് വിനായക് ദാമോദർ സവർകറുടെ പേരിടണമെന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരി, സർവകലാശാല വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ ഛത്ര ഭാരതി വിദ്യാർഥി സംഘടനയും ഓൾ ഇൻഡ്യ സ്റ്റുഡന്റ്സ് ഫെഡറേഷനും (AISF) മുംബൈ യൂണിവേഴ്സിറ്റി വിസി ഡോ. സുഹാസ് പെഡ്നേകെറിനും സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഗവർണർക്കും കത്തെഴുതുകയായിരുന്നു. കൂടുതൽ പുരോഗമന വിദ്യാർഥി സംഘടനകൾ ഈയാവശ്യവ്യമായി മുന്നോട്ട് വരാൻ സാധ്യതയുണ്ട്.

ഹോസ്റ്റലിന് ഒരു വ്യക്തിയുടെ പേരിടണമെങ്കിൽ, അദ്ദേഹം ജാതി-സമുദായ വ്യത്യാസമില്ലാതെ വിദ്യാർഥികൾക്കായി പ്രവർത്തിക്കുകയും തുല്യതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളായിരിക്കണം എന്ന് വിദ്യാർഥികൾ പറഞ്ഞു. 1922-ൽ മുംബൈയിൽ അന്തരിച്ച ഛത്രപതി ഷാഹു മഹാരാജിന്റെ ശതാബ്ദി വർഷമാണ് ഇതെന്നും അതിനാൽ അദ്ദേഹത്തിന്റെ പേരിടണമെന്നും രണ്ട് വിദ്യാർഥി സംഘടനകളും ആവശ്യപ്പെടുന്നു.

ഛത്രപതി രാജർഷി ഷാഹു മഹാരാജാണ് സംസ്ഥാനത്ത് ഹോസ്റ്റലുകൾ എന്ന ആശയം ആരംഭിച്ചത്, അതിനാൽ അദ്ദേഹത്തിന്റെ പേര് ഹോസ്റ്റലിന് നൽകാൻ ഇതിലും നല്ല സമയമില്ലെന്ന് ഛത്ര ഭാരതി വിദ്യാർഥി സംഘടനയുടെ വർക്കിംഗ് പ്രസിഡന്റ് രോഹിത് ധലെ പറഞ്ഞു. ‘എല്ലാ ജാതിയിലും സമുദായങ്ങളിലും ഉള്ള വിദ്യാർഥികൾക്ക് സ്‌കോളർഷിപ് നൽകി വിദേശത്ത് ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കാനും അദ്ദേഹം സഹായിച്ചു. സമത്വത്തെ പ്രോത്സാഹിപ്പിക്കുകയും സാമൂഹിക പരിഷ്‌കരണങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിത്വമല്ലാതെ മറ്റൊരു പേരും ഈ ഹോസ്റ്റലിന് അനുയോജ്യമല്ല’, അദ്ദേഹം വ്യക്തമാക്കി.

ഛത്രഭാരതി മറ്റ് വിദ്യാർഥി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്. നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇൻഡ്യ (NSUI), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇൻഡ്യ (SFI), പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂണിയൻ (PSU) എന്നിവയ്ക്ക് ഇവർ കത്തെഴുതി, തങ്ങളുടെ പ്രതിഷേധം അറിയിക്കാൻ ഉടൻ തന്നെ പുതുതായി ഉദ്ഘാടനം ചെയ്ത ഹോസ്റ്റൽ കെട്ടിടത്തിന് പുറത്ത് യോഗം ചേരാനും പദ്ധതിയിട്ടിട്ടുണ്ട്.

വിദ്യാർഥി സമൂഹത്തിൽ യോഗങ്ങളും ഒപ്പ് ക്യാംപയിനുകൾ നടത്തിയും വലിയ പ്രചാരണം സംഘടിപ്പിക്കാൻ എഐഎസ്‌എഫ് ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ‘ഇന്റർനാഷണൽ സ്റ്റുഡന്റ്‌സ് ഹോസ്റ്റലിന് സവർകറുടെ പേര് നൽകി മുംബൈ സർവകലാശാലയിൽ ആർഎസ്‌എസ്, ബിജെപി ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിച്ച ലോകരാജ ഛത്രപതി രാജർഷി ഷാഹു മഹാരാജിന് പ്രാധാന്യം നൽകുന്നതാണ് നല്ലത്’, ചൊവ്വാഴ്ച ഗവർണർക്ക് കത്ത് നൽകിയ ശേഷം വിദ്യാർഥി സംഘടനയുടെ മുംബൈ സെക്രട്ടറി അമീർ കാസി പറഞ്ഞു.

കോലാപൂർ നാട്ടുരാജ്യത്തിന്റെ ആദ്യ മഹാരാജാവായിരുന്ന ഛത്രപതി രാജർഷി ഷാഹു മഹാരാജ് ജനാധിപത്യവാദിയും സാമൂഹിക പരിഷ്‌കർത്താവുമായി കണക്കാക്കപ്പെടുന്നു. സംവരണ സമ്പ്രദായം, എല്ലാ ജാതിക്കാർക്കും വിദ്യാഭ്യാസ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ പുരോഗമന നയങ്ങൾ അദ്ദേഹത്തിന്റെ ഭരണത്തിൽ നടപ്പാക്കി.