ന്യൂഡൽഹി: മുൻ വിശ്വസുന്ദരി സുസ്മിത സെൻ വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സ്ഥാപകൻ ലളിത് മോദിയാണ് വരൻ
പുതിയ തുടക്കമാണിതെന്ന് ലളിത് മോദി ട്വീറ്റ് ചെയ്തു. ഇരുവരും വിവാഹിതരായിട്ടില്ലെന്ന് മറ്റൊരു ട്വീറ്റിലൂടെ ലളിത് മോദി വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ഡേറ്റിങ്ങിലാണെന്നും വിവാഹം ഒരു ദിവസം ഉണ്ടായേക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മാലദ്വീപിലും സാർഡിനിയയിലും കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ ചിത്രങ്ങളാണ് ലളിത് മോദി ട്വിറ്ററിൽ പങ്കുവച്ചത്. ഈ ട്വീറ്റിൽ സുസ്മിത സെന്നിനെ ബെറ്റർ ഹാഫ് എന്നു ലളിത് മോദി വിശേഷിപ്പിക്കുന്നുണ്ട്. ജീവിതത്തിലെ പുതിയൊരു തുടക്കമാണിതെന്നും അദ്ദേഹം പറയുന്നു. ലണ്ടനിൽ തിരിച്ചെത്തിയശേഷമാണ് കുറിപ്പെന്നും പറയുന്നുണ്ട്.
2008ൽ ആരംഭിച്ച ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ സ്ഥാപകനും, ആദ്യ ചെയർമാനും കമ്മിഷനറുമായിരുന്നു ബിസിനസ് സാമ്രാജ്യത്തിന് ഉടമയായ ലളിത് മോദി. 2008 മുതൽ 2010 വരെ ഐപിഎൽ ടൂർണമെന്റിന്റെ നടത്തിപ്പുകാരനായിരുന്നു. എന്നാൽ പിന്നീടുണ്ടായ വമ്പൻ അഴിമതിയുമായി ബന്ധപ്പെട്ടാണു സ്ഥാനം നഷ്ടമാകുന്നത്. അഴിമതി നടന്ന സമയത്ത് ഐപിഎൽ കമ്മിഷനറായിരുന്നു ലളിത് മോദി. അന്നു മൾട്ടി സ്ക്രീൻ മീഡിയ ലിമിറ്റഡ് (എംഎസ്എം– ഇപ്പോൾ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്) ഐപിഎല്ലിലെ മാധ്യമ അവകാശം സംബന്ധിച്ച ലേലവുമായി ബന്ധപ്പെട്ട് ബിസിസിഐയെ സമീപിച്ചിരുന്നു
1994ൽ മിസ് യൂണിവേഴ്സ് ആയ സുസ്മിത സെൻ പിന്നീട് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിരുന്നു. 1996ൽ ദാസ്തക് സിനിമയിലൂടെയാണ് അവർ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്. ബീവി നമ്പർ 1, ഡു നോട്ട് ഡിസ്റ്റർബ്, മേം ഹൂ നാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.